വിശ്രമത്തിന് ശേഷം ടൊവിനോ വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക്

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നടൻ ടൊവിനോ തോമസ് ലൊക്കേഷനുകളിലേക്ക് തിരിച്ചെത്തി. കള എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെയാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന താരം പിന്നീട് സുഖംപ്രാപിച്ച് വീട്ടിലെത്തി. തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്നു. അപകടം നേരിട്ടപ്പോള്‍ തനിക്കു വേണ്ടി പ്രാര്‍ഥിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത മുഴുവന്‍ സുഹൃത്തുക്കളൾക്കും ആരാധകര്‍ക്കും താരം നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ വീണ്ടും ഷൂട്ടിങ് തിരക്കുകളിൽ മുഴുകാനൊരുങ്ങുകയാണ് താരം. കാണെക്കാണെ’എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് താരം എത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം ലൊക്കേഷനില്‍ തിരിച്ചെത്തിയ താരത്തിന് ഗംഭീര വരവേൽപ്പാണ് സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയത്. അഭിനേതാക്കളും അണിയറപ്രവർത്തകരും ഒരുമിച്ച് കേക്ക് മുറിച്ച് മധുരം നൽകിക്കൊണ്ടായിരുന്നു ടൊവിനോയെ സ്വീകരിച്ചത്. സംവിധായകൻ മനു അശോകനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും ഒന്നിക്കുന്ന ചിത്രമാണ് ‘കാണെക്കാണെ’. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

Top