ഈ മനോഭാവം നിരാശാജനകം; അങ്ങനെ തോന്നുന്നെങ്കില്‍ ദയവായി നിങ്ങള്‍ സിനിമ കാണരുതെന്ന്…

സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും വളരെ ജാഗ്രതയിലാണ്. രോഗത്തെ ഭയക്കുകയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് എന്ന് വ്യക്തമാക്കി മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ബോധവത്ക്കരണവുമായി രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ ടോവിനോയും നിപ്പ ബോധവത്കരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. നിപ്പ ബോധവത്കരണവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ്‌ ടൊവിനോ ഷെയര്‍ ചെയ്തത്. എന്നാല്‍ ടൊവിനോ അഭിനയിക്കുന്ന ആഷിഖ് അബു ചിത്രം വൈറസിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഈ ബോധവത്കരണം എന്നാണ് പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്. നിങ്ങളുടെ സിനിമയ്ക്ക് വേണ്ടി പരസ്യമുണ്ടാക്കരുത് എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.എന്നാല്‍ താരം ഇതിനോട് പ്രതികരിച്ച് രംഗത്ത് എത്തി.

നിങ്ങളുടെ ഈ മനോഭാവം നിരാശയുണ്ടാക്കുന്നതാണ്. അങ്ങനെ തോന്നുന്നെങ്കില്‍ ദയവായി നിങ്ങള്‍ സിനിമ കാണരുത് എന്നായിരുന്നു ടൊവിനോയുടെ മറുപടി.

സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് തീയതി നീട്ടിവെച്ചേക്കുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ചിത്രം ജൂണ്‍ 7 ന് തന്നെ തിയേറ്ററുകളില്‍ എത്തുമെന്നാണ് ആഷിക് അബു അറിയിച്ചിരിക്കുന്നത്. വൈറസ് ഒരു സര്‍വൈവല്‍ ത്രില്ലറാണെന്നും ഒരിക്കല്‍ നമ്മള്‍ അതിജീവിച്ചെന്നും ഇനിയും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്നും ചിത്രം ജൂണ്‍ ഏഴ് മുതല്‍ തീയേറ്ററുകളില്‍ ഉണ്ടാകുമെന്നുമാണ്‌ ആഷിഖ് അബു പ്രതികരിച്ചത്.

Top