3 വേഷങ്ങളിൽ ടൊവിനോ; ‘അജയന്റെ രണ്ടാം മോഷണം’ വരുന്നു

യുവതാരം ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കാരക്കുടിയിൽ തുടങ്ങി. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

എന്ന് നിന്റെ മൊയ്‌തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നി ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായിരുന്ന ജിതിൻ ലാലാണ് ‘അജയന്റെ രണ്ടാം മോഷണം’ സംവിധാനം ചെയ്യുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കൽ എന്റർടെയ്നറായ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സുജിത് നമ്പ്യാര്‍ എഴുതുന്നു. കൃതി ഷെട്ടി ആണ് ചിത്രത്തിലെ നായിക .കൃതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ടൊവിനോയെ കൂടാതെ ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, റോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് കടന്നു പോകുന്നത്. മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഡിഷനൽ സ്ക്രീൻപ്ലേ: ദീപു പ്രദീപ്, ജോമോൻ ടി. ജോൺ ആണ് ഛായാഗ്രാഹണം. എഡിറ്റര്‍- ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം ബാദുഷ.

Top