ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് സംഭാവന നല്‍കി ടൊവിനോ

ലയാള സിനിമാമേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് സംഭാവന നല്‍കി നടന്‍ ടൊവിനോ തോമസ്. രണ്ട് ലക്ഷം രൂപയാണ് താരം നല്‍കിയത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ സംഘടനയുടെ നന്ദി അറിയിച്ചു.

ഫെഫ്കയ്ക്കു കീഴിലുള്ള 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി ബൃഹത്തായ സഹായ പദ്ധതികള്‍ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റ് ആയ കൊവിഡ് ബാധിതര്‍ക്ക് ധനസഹായം, കൊവിഡ് മെഡിക്കല്‍ കിറ്റ്, അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജീവന്‍രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം, കുട്ടികളുടെ പഠന സാമഗ്രികള്‍ വാങ്ങാനുള്ള സഹായം, കൊവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ, ആവശ്യമെങ്കില്‍ ആശ്രിതര്‍ക്ക് സംഘടനാ അംഗത്വം, ജോലി എന്നിവ അടങ്ങുന്നതാണ് ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതി.

അപേക്ഷകള്‍ ഫെഫ്ക അംഗങ്ങള്‍ അതാത് സംഘടനകളുടെ മെയിലിലേക്കാണ് അയക്കേണ്ടത്.
കൊവിഡിന്റെ ഒന്നാം തരംഗത്തില്‍ ചലച്ചിത്ര മേഖല നിശ്ചലമായപ്പോള്‍ ദുരിതാശ്വാസ സഹായമായി രണ്ട് കോടിയിലേറെ രൂപ ഫെഫ്ക അംഗങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു.

 

Top