ഓണ്‍ലൈന്‍ ക്ലാസ്; നിര്‍ധനരായ കുട്ടികള്‍ക്ക് പഠന സഹായവുമായി ടൊവിനോയും മഞ്ജുവും

തൃശൂര്‍: കോവിഡും ലോക്ക്ഡൗണും കാരണം ഈ അധ്യായനം ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്ക് മാറിയിരിക്കുകയാണ്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത ധാരാളം കുട്ടികളുണ്ട്. ഇപ്പോഴിതാ അങ്ങനെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങായി രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസും മഞ്ജു വാര്യരും. തൃശൂര്‍ എംപി ടി.എന്‍ പ്രതാപന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത മലപ്പുറം വളാഞ്ചേരി സ്വദേശി ദേവിക കേരള മനസാക്ഷിയെ ഏറെ വേദനിപ്പിച്ചിരുന്നു. പത്ത് പുതിയ ടാബ് ലറ്റോ ടിവിയോ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ സന്നദ്ധതയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്.

തൃശൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലെ ഇരുപതില്‍ പരം വരുന്ന പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഏര്‍പ്പെടുത്താന്‍ സംഭാവന വേണമെന്ന് തൃശൂര്‍ എം.പി ടി.എന്‍ പ്രതാപന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് താരം സന്നദ്ധത അറിയിച്ചത്.

‘എന്റെ പ്രിയ സഹോദരന്‍ മലയാളത്തിന്റെ പ്രിയ നടന്‍ ടോവിനോ, പിന്നാക്കം നില്‍ക്കുന്ന ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള പഠന സാമഗ്രികളുടെ വിതരണത്തിലേക്ക് 10 ടാബ്ലറ്റുകള്‍ അല്ലെങ്കില്‍ ടിവി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. നന്ദി ടോവി.. ഞങ്ങളോട് ചേര്‍ന്ന് നിന്നതിന്. മലയാളിയുടെ മനസ്സറിഞ്ഞതിന്.’ എന്ന് എം.പി കുറിച്ചു. ടി.എന്‍ പ്രതാപന്‍ ഇന്ന് ടൊവിനോയുടെ വീട്ടിലെത്തി ടാബ് ലെറ്റുകള്‍ ഏറ്റുവാങ്ങും.

അതേസമയം, ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കുവാന്‍ തയ്യാറാക്കിയിരിക്കുന്ന ‘അതിജീവനം എം.പീസ്സ് എഡ്യുകെയര്‍’ പദ്ധതിയിലാണ് മഞ്ജു വാര്യരും പങ്കാളിയായത്.

ഓൺലൈൻ പഠന സൗകര്യമില്ലാത്ത പട്ടിക വർഗ്ഗ സങ്കേതങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കുവാൻ തയ്യാറാക്കിയിരിക്കുന്ന “അതിജീവനം എം.പീസ്സ് എഡ്യുകെയർ “ പദ്ധതിയിലേക്ക് മലയാളികളുടെ സ്വന്തം സഹോദരി, തശ്ശൂരിന്റെ പെങ്ങൾ മഞ്ജുവാരിയർ സ്നേഹപൂർവ്വം പങ്കാളിയായതിന് നന്ദി.എം.പി കുറിച്ചു.

കൂടാതെ ഡിവൈഎഫ്‌ഐയുടെ ടിവി ചാലഞ്ചിലും മഞ്ജു വാര്യര്‍ പങ്കാളിയായിരുന്നു. നിര്‍ധനരായ കുട്ടികള്‍ക്കും പഠന സൗകര്യം ഒരുക്കാന്‍ ‘ഒന്നിലധികം ടിവി സ്വന്തമായുള്ളവര്‍ ഒരു ടിവി തരാന്‍ സന്നദ്ധരാകൂ. ടിവി വാങ്ങി നല്‍കാന്‍ താല്‍പര്യമുള്ളവര്‍ അങ്ങനെ ചെയ്യുക’ എന്ന അഭ്യര്‍ഥനയുമായി സംഘടന ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. അഞ്ച് ടിവികള്‍ സംഭാവന നല്‍കിയാണ് മഞ്ജു ഈ പദ്ധതിയുടെ ഭാഗമായത്.

എം.പി ഓഫീസിലെ ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഓണ്‍ ലൈന്‍ പഠന സൗകര്യത്തിനാവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാനാണ് തീരുമാനം.

Top