ആഞ്ഞടിച്ച് ടൗട്ടെ ചുഴലിക്കാറ്റ്; ഗുജറാത്തില്‍ വന്‍ നാശനഷ്ടങ്ങള്‍

അഹമ്മദാബാദ്: അറബിക്കടലില്‍ രൂപം കൊണ്ട് ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ഉണ്ടായ കനത്തമഴയിലും കാറ്റിലും ഗുജറാത്ത് തീരത്ത് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മണിക്കൂറില്‍ 165-175 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കുന്ന ചുഴലിക്കാറ്റ് പൂര്‍ണ്ണമായും തീരം കടന്ന് കരയിലൂടെയാണ് ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കാലവസ്ഥാ നീരീക്ഷണ വകുപ്പ് പുലര്‍ച്ചെ 1.27 ഓടെ പുറപ്പെടുവിച്ച് അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ ആറ് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി വീടുകള്‍ തകര്‍ന്നു. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് വിമാനത്താവളങ്ങള്‍ അടച്ചു. ചൊവ്വാഴ്ച രാവിലെവരെ കടല്‍ പ്രക്ഷുബ്ധമായി തുടരും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപതിക്കുകയും ചെയ്തിട്ടുണ്ട്. പലയിടത്തും മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കും തടസ്സപ്പെട്ടു. കനത്ത മഴയും തുടരുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി ആശുപത്രിയില്‍നിന്നുള്ള കോവിഡ് രോഗികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു.

പുലര്‍ച്ചെ 12.40 ന്, അതിതീവ്ര ചുഴലിക്കാറ്റ് ചുഴലിക്കാറ്റായി ദുര്‍ബലപ്പെടുകയും ഡിയുവില്‍ നിന്ന് 30 കിലോമീറ്റര്‍ വടക്കുകിഴക്കായി സൗരാഷ്ട്ര മേഖലയെ കേന്ദ്രീകരിക്കുകയും ചെയ്തുവെന്ന് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഏറ്റവും ഉയര്‍ന്ന വേഗത 150-160 കിലോമീറ്റര്‍ ആണെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

Top