പ്രളയം: ഹംപി ഹെറിറ്റേജ് സൈറ്റില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

ബല്ലാരി: കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലുള്ള ലോകപ്രശസ്ത ഹംപി ഹെറിറ്റേജ് സൈറ്റില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി.

നാലു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടതോടെയാണ് 100 വിദേശികളടക്കം 365 സഞ്ചാരികള്‍ മൂന്നുദിവസമായി ഹംപി ഹെറിറ്റേജ് സൈറ്റിലെ വിരുപാപുര ഗാഡെ ദ്വീപിലുള്ള ഗസ്റ്റ് ഹൗസുകളില്‍ കുടുങ്ങിയത്. കനത്ത മഴയെത്തുടര്‍ന്ന് വെള്ളം നിറഞ്ഞതോടെ തൊട്ടടുത്ത തുംഗഭദ്ര അണക്കെട്ട് തുറന്നുവിട്ടതാണ് ഹംപി പ്രളയത്തിലാകാന്‍ കാരണം.

ഹംപിയില്‍നിന്ന് തൊട്ടടുത്ത ഹൊസ്‌പേട്ട് ടൗണിലേക്കുള്ള 20 കിലോമീറ്ററോളം റോഡ് വെള്ളത്തില്‍ മുങ്ങിയതോടെയാണ് സഞ്ചാരികളെ വ്യോമമാര്‍ഗം രക്ഷപ്പെടുത്തിയത്. വ്യോമസേനയുടെ എംഐ-17 ഹെലികോപ്ടറിലും ധ്രുവ് ഹെലികോപ്ടറിലുമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Top