ഗുണ കേവ് കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്; മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസായപ്പോള്‍ തിരക്കേറി

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസായതോടെ ചിത്രത്തിലെ പ്രധാന ലൊക്കേഷന്‍ ആയ കൊടൈക്കനാലിലെ ഗുണ കേവില്‍ ഇപ്പോള്‍ വന്‍ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. കമല്‍ഹാസന്റെ ഗുണ സിനിമ റിലീസാകുന്നതിന് മുമ്പ് സാത്തന്റെ അടുക്കള എന്നറിയപ്പെട്ടിരുന്ന ഇടം പ്രകൃതിയൊരുക്കിയ നിഗൂഢ നിശബ്ദത ഭേദിച്ചത് ഗുണ. പിന്നാലെ ഗുഹയുടെ പേര് ഗുണ കേവ്‌സ് എന്നാക്കി തമിഴ്നാട് വനംവകുപ്പ് സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. കൊടൈക്കനാല്‍ സന്ദര്‍ശിക്കുന്നവരെല്ലാം കാണാന്‍ കൊതിക്കുന്ന ഒരു സ്ഥലമാണ് ഗുണ കേവ്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയിലൂടെ കൊടൈക്കനാലിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗുണ കേവ് വീണ്ടും ചര്‍ച്ചയാകുകയാണ്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലെ ഗുണ കേവ് കാണാനെത്തുന്ന ഒരു സംഘം യുവാക്കളുടെ കഥയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് പറയുന്നത്.

തമിഴ്‌നാട്ടിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് നോടുന്നത്. ചിത്രം ട്രെന്‍ഡ് ആയതിനെത്തുടര്‍ന്ന് ഗുണ കേവ് പരിസരത്തേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്‌നാട്ടുകാര്‍ക്ക് പുറമെ കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ളവര്‍ ഇവിടെ എത്തുന്നുണ്ട്. സിനിമയില്‍ കാണുന്നത് പോലെ മനോഹരമാണ് സ്ഥലമെങ്കിലും അപകട മരണങ്ങളുടെ പേരില്‍ പ്രസിദ്ധമാണ് ഗുണ കേവ് അഥവാ ഡെവിള്‍സ് കിച്ചണ്‍. കൊടൈക്കനാലില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് ഗുണ കേവ് സ്ഥിതി ചെയുന്നത്.

ഗുണ കേവില്‍ അപകടത്തില്‍പ്പെട്ടവരില്‍ ഒരാള്‍ മാത്രമാണ് ജീവനോടെ പുറത്തുവന്നത്. എറണാകുളത്ത് നിന്ന് 2006ല്‍ ഇവിടെയെത്തിയ വിനോദയാത്ര സംഘത്തിലെ ഒരാളാണ് ജീവനോടെ രക്ഷപ്പെട്ട ഏക ഭാഗ്യവാന്‍. ഗുണ കേവിന്റെ താഴ്ച ഇന്നും കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. സമീപത്തെ കൊക്കയില്‍ ജീവനൊടുക്കാന്‍ നിരവധിയാളുകള്‍ ഇവിടേക്ക് എത്തിയതോടെ ഗുണ കേവിലേക്കുള്ള പ്രവേശനം വനംവകുപ്പ് നിയന്ത്രിച്ചിരുന്നു.

Top