അംബാനിയുടെ വീട് അന്വേഷിച്ച ടൂറിസ്റ്റ് പിടിയില്‍

മുംബൈ: വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ വീട് അന്വേഷിച്ച ടൂറിസ്റ്റ് പിടിയില്‍. നവി മുംബൈയില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുരേഷ് വിസന്‍ജി പട്ടേല്‍ എന്ന യുവാവാണ് പിടിയിലായത്. സംശയിക്കത്തക്ക കാര്യങ്ങള്‍ ഒന്നും ഇയാളില്‍നിന്നും കണ്ടെടുക്കാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

യുവാവിനെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു. രണ്ടുപേര്‍ അംബാനിയുടെ വീടിന്റെ വിവരങ്ങള്‍ തിരക്കിയെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് മുംബൈയിലുള്ള അംബാനിയുടെ ബഹുനില മാളികയായ ആന്റിലിയക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. അതിനിടെയാണ് സുരേഷ് വിസന്‍ജി പട്ടേല്‍ അറസ്റ്റിലാകുന്നത്.

വലിയ ബാഗുകളുമായി സംശയാസ്പദമായ രീതിയില്‍ രണ്ടുപേരെ കണ്ടെന്ന് ടാക്‌സി ഡ്രൈവര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വീടിനു മുന്നില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. രണ്ടുപേര്‍ തന്നോട് മുകേഷ് അംബാനിയുടെ വീട് എവിടെയാണെന്ന് ചോദിച്ചെന്നും അവരുടെ കൈകളില്‍ വലിയ ബാഗുകളുണ്ടെന്നും ടാക്‌സി ഡ്രൈവര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളില്‍ ഇത് രണ്ടാംതവണയാണ് മുകേഷ് അംബാനിയുടെ വീടിനു മുന്നില്‍ സുരക്ഷ ശക്തമാക്കുന്നത്. ഫെബ്രുവരിയില്‍ വീടിനടുത്ത് സ്‌ഫോടക വസ്തുക്കളുമായി സ്‌കോര്‍പിയോ കണ്ടെത്തിയത് ആശങ്കയുണ്ടാക്കിയിരുന്നു. സ്‌കോര്‍പിയോ കൊണ്ടിട്ടത് മുംബൈ പൊലീസിലെ ക്രൈം ഇന്റലിജന്‍സ് യൂനിറ്റ് ഉദ്യോഗസ്ഥരാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

Top