ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി; ഒരാള്‍ മരിച്ചു; നാലുപേര്‍ ആശുപത്രിയില്‍

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി ഒരാൾ മരിച്ചു. ചുങ്കം കന്നിട്ട ബോട്ടു ജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത് . ആന്ധ്രാ സ്വദേശി രാമചന്ദ്ര റെഡ്ഡി ആണ് മരിച്ചത്.

രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്. ആന്ധ്രയിൽ നിന്നുള്ള നാലംഗ സംഘം ഇന്നലെയാണ് പുന്നമടക്കായലിൽ വിനോദ സഞ്ചാരത്തിനെത്തിയത്. ടൂർ കഴിഞ്ഞ് രാത്രി ഇവർ ഹൗസ് ബോട്ടിൽ തന്നെ കിടന്നുറങ്ങുകയായിരുന്നു.

രാവിലെ അഞ്ചുമണിയോടെയാണ് ബോട്ട് മുങ്ങുന്നത് മറ്റു ബോട്ടു ജീവനക്കാർ കണ്ടത്. ഉടൻ തന്നെ ഇവർ ബോട്ടിലുണ്ടായിരുന്ന ടൂറിസ്റ്റുകളെയും ജീവനക്കാരനെയും പുറത്തെത്തിച്ചു. തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

എന്നാൽ ഇവരിൽ ഒരാൾ ആശുപത്രിയിൽ വെച്ച് മരിച്ചു. മറ്റു നാലുപേരും ആശുപത്രിയിൽ ചികിത്സയിലാണ്. ബോട്ടിന്റെ അടിത്തട്ടിലെ പലക തകർന്ന് വെള്ളം അകത്തു കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Top