ടൂര്‍ ഏജന്‍സി ചതിച്ചു; പഠനയാത്രയ്ക്ക് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയില്‍ കുടുങ്ങി

ന്യൂഡല്‍ഹി: പഠനയാത്രയ്ക്ക് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയില്‍ കുടുങ്ങി. തൃശൂര്‍ മണ്ണുത്തി ഡയറി സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികളാണ് ടൂര്‍ ഏജന്‍സിയുടെ അനാസ്ഥമൂലം ഡല്‍ഹിയില്‍ കുടുങ്ങിയത്.

23 ദിവസത്തെ പഠനയാത്രയ്ക്കായി തിരുവനന്തപുരത്തെ ആദിത്യ ഡെസ്റ്റിനേഷന്‍സ് എന്ന ട്രാവല്‍ ആന്‍ഡ് ടൂര്‍ ഏജന്‍സിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഏര്‍പ്പാടാക്കിയത്. ഇതിന് ഏഴു ലക്ഷം രൂപയും വാങ്ങി. എന്നാല്‍ വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ തങ്ങിയ ഹോട്ടലില്‍ ഈ ഏജന്‍സി പണം അടച്ചില്ല. പിന്നീട് മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും കയ്യിലുണ്ടായിരുന്ന 86000 രൂപ നല്‍കിയാണ് ഹോട്ടല്‍ ബില്‍ തീര്‍പ്പാക്കിയത്.

കയ്യിലുണ്ടായിരുന്ന മുഴുവന്‍ പണം കൊടുത്ത് ഹോട്ടല്‍ ബില്ല് സെറ്റില്‍ ചെയ്തത് കൊണ്ട് ഇനി ഇവരുടെ കൈവശം ഭക്ഷണത്തിനു പോലും പണമില്ല. ടൂര്‍ ഏജന്‍സിയില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് ഫോണ്‍ എടുക്കുന്നുമില്ല.

ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലെ കര്‍ണാലിലേക്കാണ് ഇനി വിദ്യാര്‍ഥികള്‍ക്കു പോകേണ്ടത്. 23 ദിവസത്തെ പര്യടനത്തില്‍ ആദ്യത്തെ 2 ദിവസം കഴിഞ്ഞിട്ടേയുള്ളൂ.

Top