കോവിഡ് വ്യാപനം ; കടുത്ത ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി സൗത്ത് ഓസ്‌ട്രേലിയ

അഡലെയ്‌ഡ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് സൗത്ത് ഓസ്‌ട്രേലിയ. കടുത്ത ലോക്ഡൗണാണ് സൗത്ത് ഓസ്‌ട്രേലിയയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വൈറസിന്റെ സഞ്ചാരവലയം ഭേദിക്കാന്‍ ആറ് ദിവസത്തേക്കാണ് ഈ ഓസ്‌ട്രേലിയന്‍ സംസ്ഥാനം കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

വീടുകളില്‍ നിന്ന് അത്യാവശ്യ കാരണങ്ങള്‍ക്കായി മാത്രമേ പുറത്തിറങ്ങാൻ പാടുള്ളു. ഒരു വീട്ടില്‍ നിന്ന് ഒരു വ്യക്തിയ്ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുവാദം ലഭിക്കുക. പുറത്തിറങ്ങിയുള്ള വ്യായാമത്തിനും വളര്‍ത്തു നായകളുമൊന്നിച്ചുള്ള നടത്തത്തിനും അനുവാദമുണ്ടായിരിക്കില്ല. സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, കഫേകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ അടച്ചിടും. മുഖാവരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിവാഹ ചടങ്ങുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. കടുപ്പമേറിയ നിയന്ത്രണങ്ങളിലേക്ക് പോകുന്നത് എത്രയും വേഗത്തിലാവുന്നത് വൈറസില്‍ നിന്ന് മുക്തി നേടുന്നത് എളുപ്പമാക്കുമെന്ന് സ്റ്റേറ്റ് പ്രിമിയര്‍ സ്റ്റീവന്‍ മാര്‍ഷല്‍ പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരെ ക്വാറന്റീനില്‍ താമസിപ്പിച്ചിരുന്ന ഹോട്ടലില്‍ ക്ലീനിങ് ജോലി ചെയ്തിരുന്ന ആളില്‍ നിന്ന് സംസ്ഥാന തലസ്ഥാനമായ അഡലെയ്‌ഡില്‍ 23 പേര്‍ക്കാണ് രോഗബാധയുണ്ടായത്. കൂടുതല്‍ പേരിലേക്കുള്ള രോഗവ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങളാണുചിതമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷമാദ്യം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് വഴി സാമൂഹിക വ്യാപനം സൗത്ത് ഓസ്‌ട്രേലിയ തടഞ്ഞിരുന്നു. 1.7 ദശലക്ഷം ജനങ്ങളാണ് സംസ്ഥാനത്തുള്ളത്.

Top