രാജസ്ഥാന്‍ പ്രതിസന്ധി, പ്രവര്‍ത്തക സമിതി രൂപീകരിക്കണം; തലവേദനകൾ ഒഴിയാതെ കോണ്‍ഗ്രസ്

ദില്ലി : സത്യപ്രതിജ്ഞയോടെ കര്‍ണ്ണാടക പ്രതിസന്ധിക്ക് വിരാമമായെങ്കിലും കോൺഗ്രസ് ഹൈക്കമാന്‍ഡിനെ ഇനിയും കാത്തിരിക്കുന്നത് കഠിനമായ നാളുകള്‍. രാജസ്ഥാന്‍ പ്രതിസന്ധിക്ക് പുറമെ പ്രവര്‍ത്തക സമിതി രൂപീകരണവും, പ്രതിപക്ഷ സഖ്യ ചര്‍ച്ചകളുമടക്കം വെല്ലുവിളികളുടെ ഒരു നിര തന്നെ നേതൃത്വത്തിന് മുന്നിലുണ്ട്.

കുറച്ച് വെള്ളം കുടിച്ചെങ്കിലും ഇലക്കും മുള്ളിനും പരിക്കില്ലാതെ കര്‍ണ്ണാടക പ്രതിസന്ധിക്ക് മാരത്തണ്‍ ചര്‍ച്ചകളിലൂടെ പരിഹാരം കാണാനായി. പൂര്‍ണ്ണ തൃപ്തിയോടയല്ല ഡി കെ ശിവകുമാര്‍ മടങ്ങിയതെങ്കിലും കാറും കോളുമില്ലാതെ കര്‍ണ്ണാടകയില്‍ സര്‍ക്കാരും പാര്‍ട്ടിയും മുന്‍പോട്ട് പോകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. വെല്ലുവിളികളില്‍ അടിയന്തര പ്രധാന്യത്തോടെ ഇനി ഇടപെടേണ്ടത് രാജസ്ഥാനിലാണ്. തമ്മിലടിച്ചു നില്‍ക്കുന്ന മുഖ്യമന്ത്രി അശോക് ഗലോട്ടിനെയും, സച്ചിന്‍ പൈലറ്റിനെയും അനുനയിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യം. ഓരോ പൊട്ടിത്തെറിയിലും ഗാന്ധി കുടുംബത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വാങ്ങിയിരുന്ന സച്ചിന്‍ പൈലറ്റ് ഇക്കുറി രണ്ടും കല്‍പിച്ചാണ്. അഴിമതിയോടുള്ള ഗലോട്ട് സര്‍ക്കാരിന്റെ നിലപാടിനെതെിരെ പദയാത്ര നടത്തിയതിന് പിന്നാലെ ഇന്നലെ ദില്ലിയിലെത്തി നേതൃത്വത്തെ കണ്ട സച്ചിന്‍ വരുന്ന 31 വരെ കാത്തിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡിസംബറില്‍ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കേ രണ്ട് പേരെയും പിണക്കാതെ വേണം പരിഹാരം കാണാന്‍.

പിന്നീടുള്ളത് പ്രവര്‍ത്തക സമിതി രൂപീകരണം. റായ്പൂര്‍ എഐസിസി സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കി നാമനിര്‍ദ്ദേശത്തിന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്ജ്ജുന്‍ ഖര്‍ഗെയെ ചുമതലപ്പെടുത്തിയെങ്കിലും മൂന്ന് മാസമായിട്ടും അനക്കമില്ല. കര്‍ണ്ണാടക തെരഞ്‍ഞ്ടുപ്പായതിനാല്‍ പൊട്ടിത്തെറി ഭയന്നാണ് ഇതുവരെ തൊടാതിരുന്നത്. ശശി തരൂരടക്കം ഒരു വിഭാഗം നേതാക്കള്‍ പ്രവര്‍ത്തക സമിതി ഉന്നമിട്ട് നില്‍ക്കുമ്പോള്‍ ആരൊക്കെ ഇടംപിടിക്കുമെന്നതും നിര്‍ണ്ണായകം.കര്‍ണ്ണാടക വിജയത്തോടെ പ്രതിപക്ഷ സഖ്യ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ റേറ്റിംഗ് ഉയര്‍ന്നിട്ടുണ്ടെങ്കിലും കടി‍ഞ്ഞാണേല്‍പിക്കാന്‍ പല കക്ഷികളും മടിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ മുഖമാക്കാനുള്ള താല്‍പര്യം മമത ബാനര്‍ജി അരവിന്ദ് കെജരിവാള്‍ തുടങ്ങിയെ നേതാക്കള്‍ക്ക് ദഹിക്കാനുള്ള സാധ്യതയും കുറവാണ്.

Top