കശ്മീര്‍ വിഷയം സങ്കീര്‍ണമെന്ന് ട്രംപ്; ഇമ്രാന്‍ വാക്കുകള്‍ സൗമ്യമായി ഉപയോഗിക്കണം…

വാഷിങ്ടണ്‍: കശ്മീരിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും ശ്രമിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കശ്മീരില്‍ സങ്കീര്‍ണമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാക്ക് പ്രധാനമന്ത്രിമാരുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

”എന്റെ രണ്ട് നല്ല സുഹൃത്തുക്കളായ ഇന്ത്യന്‍ പ്രധാനമന്ത്രിയോടും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയോടും സംസാരിച്ചു. വ്യാപാരം, നയന്ത്ര ബന്ധം എന്നീ കാര്യങ്ങള്‍ക്കൊപ്പം ഏറ്റവും പ്രധാനപ്പെട്ട കശ്മീര്‍ വിഷയവും ചര്‍ച്ച ചെയ്തു. സങ്കീര്‍ണമായ സ്ഥിതിവിശേഷമാണ് കശ്മീരിലുള്ളത്. സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇരുരാജ്യങ്ങളും പ്രവര്‍ത്തിക്കണം”- എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാത്രിയാണ് ട്രംപുമായി ഫോണില്‍ സംഭാഷണം നടത്തിയത്. 30 മിനിറ്റ് നീണ്ടു നിന്ന സംഭാഷണത്തില്‍ കശ്മീര്‍ വിഷയത്തിനൊപ്പം ഇന്ത്യ-അമേരിക്ക വ്യാപാര തര്‍ക്കവും ചര്‍ച്ച ചെയ്തു. പാക്കിസ്ഥാന്‍ ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത് മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ചേര്‍ന്നതല്ലെന്ന് ട്രംപിനോട് പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇതിന് പിന്നാലെ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ട്രംപ് ടെലിഫോണില്‍ വിളിച്ചു. ജമ്മുകശ്മീരിലെ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിന് സൗമ്യമായ രീതിയില്‍ പ്രസ്താവനകളും വാക്കുകളും ഉപയോഗിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇമ്രാന്‍ ഖാന്‍-ട്രംപ് ചര്‍ച്ച. കശ്മീര്‍ വിഷയം യുഎന്‍ രക്ഷാ സമിതിയില്‍ ചര്‍ച്ച ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ആദ്യ ചര്‍ച്ച.

നേരത്തേ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചര്‍ച്ചയില്‍ മാധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രസ്താവന. പ്രശ്‌നത്തില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോടാവശ്യപ്പെട്ടതായും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യ ട്രംപിന്റെ അവകാശവാദം തള്ളി രംഗത്തെത്തിയിരുന്നു. അമേരിക്കയോട് തങ്ങള്‍ ഇത്തരമൊരു മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ല എന്നാണ് ഇന്ത്യ പറഞ്ഞത്.

Top