കുടിവെള്ള പാത്രത്തിൽ തൊട്ടു; അധ്യാപകൻ ദളിത് വിദ്യാര്‍ത്ഥിയെ അടിച്ചുകൊന്നു

ജയ്പൂർ : ദളിത് സമുദായത്തിൽ നിന്നുള്ള ഒമ്പത് വയസ്സുകാരന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനത്തിനെ തുടര്‍ന്ന് ദാരുണാന്ത്യം. അധ്യാപകന്റെ കുടിവെള്ള പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനാണ് കുട്ടിയെ അധ്യാപകൻ ചായിൽ സിംഗ് ക്രൂരമായി അടിച്ചുകൊന്നത്. അധ്യാപകന് വേണ്ടി പാത്രത്തിലാക്കി വച്ച വെള്ളം കുടിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. കുട്ടിയുടെ കൊലപാതകത്തിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജലോര്‍ ജില്ലയിലെ സാല്യ ഗ്രാമത്തിൽ ഒരു സ്വകാര്യ സ്കൂളിൽ ജൂലൈ 20നാണ് സംഭവം നടന്നത്. കണ്ണിനും ചെവിക്കും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കിട്ടി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. 300 കിലോമീറ്റര്‍ ദൂരെ അഹമ്മദാബാദിലുള്ള ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്.

കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം നടത്തി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകം, എസ് സി, എസ് ടി വിഭാഗത്തിനെതിരായ പീഡനങ്ങൾ തടയൽ എന്നീ നിയമപ്രകാരം അധ്യാപകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. കുടിവെള്ള പാത്രത്തിൽ തൊട്ടതിന് കുട്ടിയെ ക്രൂരമായി മർദിച്ചതായി കുട്ടിയുടെ കുടുംബം പരാതിയിൽ പറഞ്ഞു.

Top