പ്രതിസന്ധി കാലത്ത് ഫണ്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയം; പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: നവകേരള സദസിനെത്തുന്നവര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നത് സര്‍ക്കാരിന് തന്നെയാണ് അപമാനമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. ഭരണ നേട്ടം ജനങ്ങളിലെത്തിക്കാനാണ് സദസ് എന്നാണ് പറയുന്നത്. സാമ്പത്തിക ഞെരുക്കം നേരിടുമ്പോള്‍ ഫണ്ട് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് സര്‍ക്കാരാണെന്നും അതിലൊന്നും സര്‍ക്കാരിന് ശ്രദ്ധയില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

യുഡിഎഫ് വിചാരണ സദസിലേക്ക് പരാതികളുടെ പ്രവാഹമാണ്. സാമ്പത്തിക പ്രശ്‌നം മാനേജ് ചെയ്യാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം, നവകേരള സദസ്സിനിടെ ഉണ്ടായ ആക്രമസംഭവങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചു.

മറൈന്‍ ഡ്രൈവിലുണ്ടായ കലാപത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണ്. മാരകായുധങ്ങള്‍ പുറത്ത് ഇട്ടാണ് മുഖ്യമന്ത്രിക്ക് വണ്ടികള്‍ എസ്‌കോര്‍ട്ട് പോവുന്നതെന്നും ക്രിമിനല്‍ ഗുണ്ടകളാണ് മുഖ്യമന്ത്രിക്ക് കൂട്ടെന്നും വി ഡി സതീശന്‍ ആരോപിച്ചു. അക്രമങ്ങളില്‍ മുഖ്യമന്ത്രിയെ പ്രതി ചേര്‍ത്ത് കേസ് എടുക്കണമെന്നാണ് സതീശന്റെ ആവശ്യം.

Top