ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് ഓസ്ട്രേലിയക്ക്; ഇന്ത്യയെ ബാറ്റിങിനയച്ചു

ഗുവാഹത്തി: ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങിനയച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ടോസ് നേടിയ ശേഷം ഓസീസ് ബൗളിംഗ് തിരഞ്ഞെടുക്കുന്നത്. തുടര്‍ച്ചയായി രണ്ട് ട്വന്റി 20 മത്സരങ്ങള്‍ ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യയുടെ യുവനിര. ചൊവ്വാഴ്ച ജയിച്ചാല്‍ അഞ്ചു മത്സരങ്ങളുടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കും.

ഓസീസ് ടീമില്‍ ട്രാവിസ് ഹെഡ്, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫ് എന്നിവര്‍ ഇടംനേടി. ഇന്ത്യന്‍ ടീമില്‍ മുകേഷ് കുമാറിന് പകരം ആവേശ് ഖാന്‍ ഇടംപിടിച്ചു.

ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റിങ് ഉജ്ജ്വല ഫോമിലാണ്. വണ്‍ഡൗണ്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ രണ്ടുകളിയിലും അര്‍ധസെഞ്ചുറി നേടിയിട്ടുണ്ട്. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവരും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഓരോ അര്‍ധസെഞ്ചുറി നേടി. ഫിനിഷര്‍ റോളില്‍ റിങ്കു സിങ്ങും തിളങ്ങി.

Top