ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസുകാരന്റെ അമ്മയ്ക്ക് എതിരെയും കേസെടുക്കും

ഇടുക്കി: തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസുകാരന്റെ അമ്മയ്ക്ക് എതിരെയും കേസെടുക്കും. മര്‍ദ്ദന വിവരം യഥാസമയം അധികൃതരെ അറിയിക്കാതിരുന്നതിനാണ് ഇവര്‍ക്കെതിരെ നടപടി എടുക്കുന്നത്. ഇവരെ തന്നെ ഇളയകുട്ടിയുടെ സംരക്ഷണം തുടര്‍ന്നും ഏല്‍പ്പിക്കുന്നതില്‍ ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്.

അതേസമയം, ഏഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. മരുന്നുകളോട് കുട്ടി പ്രതികരിക്കുന്നില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച കുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മൂന്നംഗ ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സംഘം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ചിരുന്നു. നിലവിലുള്ള ചികിത്സ തന്നെ തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.

ഏഴ് വയസ്സുകാരനെ ക്രൂരമായ മര്‍ദ്ദിച്ചതിന് പുറമേ പ്രതി അരുണ്‍ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയെ പ്രതി അരുണ്‍ പല തവണ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

കുട്ടിയെ അരുണ്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. അരുണിന്റെ ക്രിമിനല്‍ പശ്ചാത്തലം കൂടി അടിസ്ഥാനമാക്കിയാണ് കേസ് അന്വേഷണം. പിടികൂടുമ്പോള്‍ അരുണിന്റെ കാറില്‍ മദ്യകുപ്പികള്‍ക്കൊപ്പം കൈക്കോടാലിയും ഉണ്ടായിരുന്നു. കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ട് പ്രഷര്‍ കുക്കറുകള്‍, സിഗരറ്റ് ലാബ്, ഒരു ബക്കറ്റ് എന്നിവ കണ്ടെടുത്തു. പ്രതിയുടെ വീട്ടിലെ എല്ലാ മുറികളിലും ആയുധങ്ങള്‍ക്ക് സമാനമായ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്നു. അരുണ്‍ മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു.

Top