പൂജപ്പുരയിലെ തടവുകാർക്കു മർദനം:ജയിൽ ഡിജിപിയുടെ റിപ്പോർട്ടിൽ കോടതിക്ക് അതൃപ്തി

കൊച്ചി ∙ പൂജപ്പുര സെൻട്രൽ ജയിലിൽ മർദനമേറ്റ തടവുകാരുടെ ശരീരത്തിൽ പരുക്കുകൾ ഒന്നുമില്ലെന്നു വിലയിരുത്തിയ ജയിൽ ഡോക്ടറെ ന്യായീകരിച്ചു ജയിൽ ഡിജിപി റിപ്പോർട്ട് നൽകിയതിൽ ഹൈക്കോടതിക്ക് അതൃപ്തി.കെവിൻ വധക്കേസ് പ്രതി ടിറ്റു ജെറോം ഉൾപ്പെടെ 4 തടവുകാരെ പരിശോധിച്ചതിൽ വീഴ്ചയുണ്ടോ എന്നു സീനിയർ മെഡിക്കൽ ഓഫിസർ അന്വേഷിച്ച് 3 ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കോടതി ആരോഗ്യ വകുപ്പുഡയറക്ടർക്കു നിർദേശം നൽകി.

ഇവരുടെ ശരീരത്തിൽ പാടുകൾ ഒന്നുമില്ലെന്നു ജയിൽ ഡോക്ടർ റിപ്പോർട്ട് ചെയ്തെങ്കിലും കോടതി നിർദേശപ്രകാരം പരിശോധിച്ച ഡോക്ടർമാരുടെ റിപ്പോർട്ട് ഇതിനു വിരുദ്ധമാണ്. ഇവർക്കെല്ലാം വേദനയും ചതവും ചൂരലിന് അടിയേറ്റ പാടുകളും ഉണ്ടെന്നാണു മറ്റു ഡോക്ടർമാരുടെ റിപ്പോർട്ട്.

2021 ജനുവരി 1നു ടിറ്റു ജെറോം, ഷിനു, ഉണ്ണിക്കൃഷ്ണൻ, ശ്യാം ശിവൻ എന്നിവർക്കു മർദനമേറ്റതായി ആരോപിച്ചു ബന്ധുക്കൾ നൽകിയ ഹർജികളാണു ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം.ആർ.അനിതഎന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

Top