ദോഹ : ഇന്ത്യയ്ക്കും ഖത്തറിനും മികച്ച നേട്ടം സമ്മാനിച്ച് മലയാളികളുടെ അഭിമാനമായി മാറിയ ഇരട്ടകുട്ടികളായ ജാനകി നാരയണനും, ജഗത് നാരയണനും അഭിനന്ദന പ്രവാഹം.
ജോര്‍ജ്ജിയയില്‍ നടന്ന ലിറ്റില്‍ മിസ്റ്റര്‍ ,മിസ് യുണിവേഴ്സ് മത്സരങ്ങളിലാണ് ഈ കുട്ടി സഹോദരങ്ങള്‍ കിരീടമണിഞ്ഞത്.
മിനി മിസ് യുണിവേഴ്സായി ജാനകി ഖത്തറിനെ പ്രതിനിധീകരിച്ചപ്പോള്‍ ലിറ്റില്‍ മിസ്റ്റര്‍ ജെന്റില്മാന് ഓഫ് ദി യുണിവേഴ്സായി ജഗത് ഇന്ത്യയെ പ്രതിനിധീകരിച്ചു.
സൗന്ദര്യമത്സരത്തിലെ വിവിധ വിഭാഗങ്ങളില്‍ നിരവധി സമ്മാനങ്ങളാണ് ഇവര്‍ വാരിക്കൂട്ടിയത്.
ബെസ്റ്റ് ലിറ്റില്‍ ആക്ട്രസ് ഓഫ് ദി യൂണിവേഴ്സ് , ബെസ്റ്റ് നാഷണല്‍ ക്വീന്‍ ഓഫ് ദി യൂണിവേഴ്സ് ( അറബിക് ക്വീന്‍ കോസ്റ്റിയും) , ബെസ്റ്റ് ഇന്ട്രഡക്ഷന് സ്പീച്ച് എന്നി കിരീടങ്ങളും ജാനകി നേടി. 2016 ലിറ്റില്‍ മിസ് വേള്‍ഡില്‍ ഖത്തറിനെ പ്രതിനിധീകരിക്കുന്നത് ജാനകിയാണ്.
ലിറ്റില്‍ മിസ്റ്റര്‍ ജെന്റില്മാന് ഓഫ് ദി യൂണിവേഴ്സ് 2016, ബെസ്റ്റ് കിങ് ഓഫ് യൂണിവേഴ്സ് എന്നി കിരീടങ്ങളാണ് ജഗത് നേടിയത്. ബള്‍ഗേറിയയില്‍ നടക്കുന്ന ലിറ്റില്‍ മിസ്റ്റര്‍ വേള്‍ഡ് 2016 ല്‍ മത്സരിക്കാനും, അടുത്ത വര്‍ഷം ചൈനയില്‍ നടക്കുന്ന വേള്‍ഡ് ഫിനാലേയില്‍ ജൂറിയായി പങ്കെടുക്കാനും യോഗ്യത നേടി.
കുട്ടികളുടെ വിവിധ മേഖലയിലെ കഴിവുകള്‍ കണ്ടെത്താന്‍ ഇന്ത്യയില്‍ നടന്ന പ്രാഥമിക മത്സരത്തില്‍ നിന്നാണ് ജാനകിയും ജഗത്തും തെരഞ്ഞെടുക്കപ്പെട്ടത്.
ജാനകി ഖത്തറിനെയും ജഗത്ത് ഇന്ത്യയെയും പ്രതിനിധീകരിച്ചത് അരുണ്‍ രത്നയുടെ നിര്‍ദ്ദേശ പ്രകാരമാണ്. ഇന്ത്യയെയും മിഡില്‍ ഈസ്റ്റിനെയും പ്രതിനിധീകരിക്കുന്ന ഇന്റര്‍ നാഷണല്‍ ഡയറക്ടറാണ് അരുണ്‍ രത്ന.
കുട്ടികളുടെ കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിച്ചതിന് മാതാപിതാക്കളായ അനില്‍ കുമാറിനും ബീനക്കും ബെസ്റ്റ് പാരന്‍സ് ഓഫ് എന്‍ജിനീയറിങ് അവാര്‍ഡ് ലഭിച്ചു. ചൈനയിലെ ഹാര്‍ബര്‍ എന്‍ജിനീയറിങ് കമ്പനിയിലെ ക്യൂ എ മനേജര്‍ ആണ് അനില്‍.
കാലിക്കറ്റ് യുണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.എന്‍ കുറുപ്പിന്റെ പേരക്കുട്ടികളാണ് ജനകിയും ജഗതും.