ടൊറന്റോയില്‍ വെടിവെപ്പ് നടത്തിയത് പാക് വംശജനെന്ന് പൊലീസ് സ്ഥിരീകരിച്ചു

ടൊറന്റോ : ടൊറന്റോ നഗരത്തില്‍ വെടിവെയ്പ്പ് നടത്തിയ തോക്കുധാരി പാക്ക് വംശജന്‍ ഫെയ്‌സല്‍ ഹുസൈന്‍ (29) ആണെന്നു പൊലീസ് സ്ഥിരീകരിച്ചു. മനോദൗര്‍ബല്യത്തിനു ചികിത്സയിലായിരുന്ന ഹുസൈന്‍ പലവ്യഞ്ജനക്കടയില്‍ ജോലിക്കാരനായിരുന്നു.

കാനഡയില്‍ ടൊറന്റോ നഗരത്തില്‍ പാക് വംശജന്‍ രണ്ടു പെണ്‍കുട്ടികളെ വെടിവച്ചുകൊല്ലുകയും 13 പേരെ മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. പത്തും പതിനെട്ടും വയസ്സുള്ള പെണ്‍കുട്ടികളാണു കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

ഞായറാഴ്ച രാത്രി പത്തു മണിയോടെ തിരക്കേറിയ ഗ്രീക്ക് ടൗണില്‍ ഡാന്‍ഫോര്‍ത്ത് അവന്യുവിലെ ഒരു റസ്റ്ററന്റിലേക്കാണ് അക്രമി ആദ്യം വെടിയുതിര്‍ത്തത്. ചാരനിറത്തിലുള്ള വസ്ത്രവും തൊപ്പിയും ധരിച്ചെത്തിയ അക്രമി വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ കനേഡിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. കൂട്ടനിലവിളിയും ഇടവിട്ട് വെടിയൊച്ചകളും കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. വിഡിയോ ഗെയിമുകളിലേതുപോലെ വെടിയുതിര്‍ത്തു കളിക്കുകയായിരുന്നു അക്രമിയെന്നാണ് ദൃക്‌സാക്ഷികളില്‍ ചിലര്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്.

ടൊറന്റോ പൊലീസ് രേഖകള്‍പ്രകാരം 2014ല്‍ 177, 2015ല്‍ 288, 2016ല്‍ 407, 2017ല്‍ 395 എന്നിങ്ങനെയാണ് അക്രമികളുമായി ബന്ധപ്പെട്ട വെടിവയ്പുകളുണ്ടായത്. ഈ വര്‍ഷം ആറു മാസം പിന്നിടുമ്പോഴേക്കും ഇത് ഇരുന്നൂറിലേറെയായതാണ് ആശങ്ക പടര്‍ത്തുന്നത്. ഇതില്‍ 24 അക്രമങ്ങളില്‍ മരണങ്ങളും രേഖപ്പെടുത്തി. ഈ വര്‍ഷം ഇതുവരെ അന്‍പതിലേറെ പേര്‍ക്കാണ് ടൊറന്റോയിലും സമീപപ്രദേശങ്ങളിലുമായി വെടിയേറ്റത്. വേനല്‍ ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ ഇരുപതോളം സമാന അക്രമങ്ങളാണ് രേഖപ്പെടുത്തിയത്. ഒട്ടേറെ ചെറുപ്പക്കാരുടെ കൈകളില്‍ തോക്കുകള്‍ എത്തുന്നതായും കണ്ടെത്തിയിരുന്നു.

Top