യുഎസില്‍ വന്‍ നാശംവിതച്ച് ചുഴലിക്കാറ്റ്; മരണം നൂറ് കവിഞ്ഞു

വാഷിങ്ടന്‍: യുഎസില്‍ വന്‍ നാശംവിതച്ച് ചുഴലിക്കാറ്റ്. നൂറിലേറെ പേര്‍ മരിച്ചതായാണ് വിവരം. ആറ് സംസ്ഥാനങ്ങളിലായി 30ലേറെ തവണ ചുഴലിക്കാറ്റ് വീശിയടിച്ചു. 4 ചുഴലിക്കാറ്റുകള്‍ വീശിയടിച്ച കെന്റക്കി സംസ്ഥാനത്ത് ആണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 70 പേര്‍ മരിച്ചതായി കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബിഷ്യര്‍ അറിയിച്ചു. മരണം 100 കടന്നേക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

മണിക്കൂറില്‍ 365 കിലോമീറ്ററായിരുന്നു ഒരു ചുഴലിയുടെ വേഗം. പടിഞ്ഞാറന്‍ കെന്റക്കിയില്‍ ചരക്കു ട്രെയിന്‍ പാളം തെറ്റി. മെഴുകുതിരി ഫാക്ടറിയും ഇലിനോയിയിലെ ഒരു ആമസോണ്‍ കേന്ദ്രവും അര്‍കെന്‍സയിലെ നഴ്‌സിങ് ഹോമും ചുഴലിക്കാറ്റില്‍ തകര്‍ന്നു.

കെന്റക്കിയില്‍ മരിച്ചവരില്‍ ഏറെയും മെഴുകുതിരി ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരാണ്. ക്രിസ്മസ് പ്രമാണിച്ച് നിരവധിപ്പേര്‍ രാത്രിയില്‍ ജോലി ചെയ്തിരുന്നു. ആമസോണ്‍ കേന്ദ്രത്തില്‍നിന്ന് 6 മരണം റിപ്പോര്‍ട്ട് ചെയ്തു. നിരവധിപ്പേരെ കാണാതായെന്നും ഗവര്‍ണര്‍ പറയുന്നു. ടെനിസി, മിസോറി, മിസിസിപ്പി എന്നിവയാണു ചുഴലിക്കാറ്റുണ്ടായ മറ്റു സംസ്ഥാനങ്ങള്‍.

Top