ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ പിന്തള്ളാനാവാത്ത വിധം ഇന്ത്യ മുന്നില്‍

indian-team

മുംബൈ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ വിജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ പിന്തള്ളാനാവാത്ത വിധം ഇന്ത്യ ഒന്നാമത്.

125 പോയിന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ശ്രീലങ്കക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്നിംങ്‌സിനും 171 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം.

വിദേശത്തെ സമ്പൂര്‍ണ പരമ്പര നേട്ടത്തോടെ ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ വന്‍ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയത്. 125 റേറ്റിംഗ് പോയിന്റോടെ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 1-3ന് തോറ്റതോടെ സമീപകാലത്തൊന്നും ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയില്ല. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 110 റേറ്റിംഗ് പോയിന്റാണുള്ളത്.

105 പോയിന്റുള്ള ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. 100 റേറ്റിംഗ് പോയിന്റുമായി ആസ്‌ട്രേലിയ നാലാം സ്ഥാനത്തുണ്ട്.

എന്നാല്‍, ഇന്ത്യക്കെതിരായ സമ്പൂര്‍ണ തോല്‍വിയോടെ ശ്രീലങ്ക ഏഴാം സ്ഥാനത്തേക്ക് വീണു. 90 പോയിന്റാണ് ശ്രീലങ്കയ്ക്കുള്ളത്. 97 പോയിന്റുള്ള ന്യൂസിലന്‍ഡ് അഞ്ചാമതും 93 പോയിന്റുള്ള പാകിസ്ഥാന്‍ ആറാമതും ആണ്.

ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ഡിസംബറില്‍ ദക്ഷിണാഫ്രിക്കയിലാണ്. ഇതിന് മുന്നോടിയായി ശ്രീലങ്കയ്ക്കും ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയക്കുമെതിരെ ഇന്ത്യ ഏകദിന പരമ്പരകളില്‍ കളിക്കുന്നുണ്ട്.

കഴിഞ്ഞ ഒക്ടോബറിലാണ് ഓസ്‌ട്രേലിയയെ പിന്തള്ളി ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

Top