ഭീകരനെ രക്ഷപ്പെടാന്‍ സഹായിച്ചു;ജമ്മു കശ്മീരില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

ന്യൂഡല്‍ഹി: തീവ്രവാദിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ജമ്മു കശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു. കശ്മീരിലെ പ്രമുഖ പൊലീസ് ഓഫിസറായ ഷെയ്ഖ് ആദില്‍ മുഷ്താഖിനെയാണ് അറസ്റ്റ് ചെയ്തത്. ഭീകരവാദിയെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചെന്നും കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ പ്രതിയാക്കാന്‍ ശ്രമിച്ചതിനുമാണ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തത്. അഴിമതിയുള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ശ്രീനഗറിലെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ആദില്‍ മുഷ്താഖ് ഭീകരനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അറസ്റ്റിലായ ഭീകരവാദികളുടെ ഫോണ്‍ സംഭാഷണം വെളിപ്പെടുത്തിയതായി വൃത്തങ്ങള്‍ പറയുന്നു. നിയമത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ഭീകരന് ഇയാള്‍ ഉപദേശം നല്‍കി. ആദില്‍ മുഷ്താഖ് പ്രതികളുമായി ടെലിഗ്രാം ആപ്പില്‍ സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരനും ഡെപ്യൂട്ടി സൂപ്രണ്ടും തമ്മില്‍ കുറഞ്ഞത് 40 കോളുകളെങ്കിലും ചെയ്തു. അറസ്റ്റില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും നിയമസഹായം നേടാമെന്നും ഇയാള്‍ ഉപദേശിച്ചെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Top