ഇന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം ‘പുഷ്പ’; ഐഎംഡിബിയുടെ റിപ്പോര്‍ട്ട്

തെലുങ്കില്‍ മാത്രമല്ല അല്ലു അര്‍ജുന്‍- ഫഹദ് ഫാസില്‍ ചിത്രം പുഷ്പയ്ക്കായി, ഇന്ത്യയൊട്ടാകെ സിനിമാപ്രേമികള്‍ അക്ഷമരായി കാത്തിരിക്കുകയാണെന്നതിനെ ശരിവയ്ക്കുന്നതാണ് ഐഎംഡിബിയുടെ പുതിയ റിപ്പോര്‍ട്ടുകള്‍. ഐഎംഡിബി റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന സിനിമ- പരിപാടികളുടെ നിരയില്‍ ഒന്നാം സ്ഥാനത്താണ് പുഷ്പ.

ലോകത്തെ ഏറ്റവും ജനപ്രിയ വെബ്‌സൈറ്റായ ഐഎംഡിബിയില്‍ ഒന്നാം സ്ഥാനം പുഷ്പ സ്വന്തമാക്കിയപ്പോള്‍ ബ്രഹ്‌മാണ്ഡ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 രണ്ടാമതും തപ്സി പന്നുവിന്റെ ഹസീന്‍ ദില്‍റുബ മൂന്നാമതും ഇടംപിടിച്ചു. പ്രഭാസ്- പൂജ ഹെഗ്ഡെ ജോഡിയിലൊരുങ്ങുന്ന റൊമാന്റിക് ചിത്രം രാധേ ശ്യാം നാലാം സ്ഥാനവും അക്ഷയ് കുമാറിന്റെ ബെല്‍ബോട്ടം അഞ്ചാം സ്ഥാനവും സ്വന്തമാക്കി.

2019ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാര നേട്ടവുമായി ഓണം റിലീസിനൊരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എട്ടാം സ്ഥാനത്തുണ്ട്.ഫര്‍ഹാന്‍ അക്തറിന്റെ തൂഫാന്‍, ധനുഷും സാറ അലി ഖാനും അക്ഷയ് കുമാറും ഒന്നിക്കുന്ന അത്രംഗി രേ, ആലിയ ഭട്ടിന്റെ ഗംഗുബായ് കത്തിയാവാഡി, നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ഫീല്‍സ് ലൈക്ക് ഇഷ്‌ക് എന്നിവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റ് പ്രധാന ചിത്രങ്ങള്‍. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ.

ചിത്രത്തില്‍ ചന്ദനത്തടി കള്ളക്കടത്തുകാരനായി അല്ലു അര്‍ജുന്‍ വേഷമിടുമ്പോള്‍ അഴിമതിക്കാരനായ പൊലീസുകാരനായി ഫഹദ് ഫാസില്‍ എത്തുന്നു. പുഷ്പയുടെ ചിത്രീകരണം ജൂലൈ അഞ്ചിന് ഹൈദരാബാദില്‍ തുടങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.40 ദിവസം നീണ്ട ഷെഡ്യൂളാണ് പുഷ്പയ്ക്കായി നിശ്ചയിച്ചിരിക്കുന്നത്. രണ്ടു ഭാഗങ്ങളായാണ് പുഷ്പ പുറത്തിറക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ്, ഹിന്ദി, കന്നഡ ഭാഷകള്‍ക്ക് പുറമെ, ആരാധകരുടെ ആവശ്യപ്രകാരം മലയാളത്തിലും സിനിമ റിലീസിനെത്തും. അതേസമയം, കൊവിഡ് മൂന്നാം തരംഗമുണ്ടായില്ലെങ്കില്‍ കെജിഎഫ് ചാപ്റ്റര്‍ 2 സെപ്തംബര്‍ ഒമ്പതിന് റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

Top