ദേശീയ നൈപുണ്യ വികസന പദ്ധതികള്‍ പാളുന്നു; അഴിമതി പ്രധാന കാരണം

ന്യൂഡല്‍ഹി: നാഷണല്‍ സ്‌ക്കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനിലെ രണ്ട് മുതര്‍ന്ന ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം രാജിവച്ചു. 2022 ആകുമ്പോഴേയ്ക്കും 400 മില്യണ്‍ ആളുകളള്‍ക്ക് വൈദഗ്ധ്യ പരിശീലനം നല്‍കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കില്ലെന്നാണ് കണക്കു കൂട്ടല്‍.

എന്‍എസ്ഡിസി ഒരു പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. പ്രധാനമന്ത്രിയുടെ സ്‌ക്കില്‍ ഇന്ത്യ പദ്ധതി നടപ്പാക്കുകയാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷ്യം.

സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജയകാന്ത് കൃഷ്ണ, ചീഫ് പ്രോഗ്രാം ഓഫീസര്‍ വിശാല്‍ ശര്‍മ്മ എന്നിവരാണ് രാജിവച്ച് പോയത്.

മന്ത്രാലയവും എന്‍എസ്ഡിസിയുടെ പ്രവര്‍ത്തനത്തില്‍ വളരെ നിരാശരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് സ്ഥാപനത്തിന്റെ മാനേജ്‌മെന്റില്‍ മാറ്റം വരുന്നത്.

2015ല്‍, സിഇഒയും സിഒഒയും രാജിവച്ചിരുന്നു. സ്ഥാപനം ലക്ഷ്യം വച്ച കാര്യങ്ങൾ നേടാന്‍ സാധിക്കുന്നില്ല എന്നുള്ളതായിരുന്നു അന്നത്തെയും പ്രശ്‌നം.

2015 ജൂലൈയിലാണ് മോദി സര്‍ക്കാര്‍ സ്‌ക്കില്‍ ഇന്ത്യ പദ്ധതി കൊണ്ടുവരുന്നത്. 2022ഓടെ 400 മില്യണ്‍ ആളുകളുടെ നൈപുണ്യ വികസനമായിരുന്നു ലക്ഷ്യം. എന്നാല്‍ ഇത് കൈവരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ആകുന്നില്ല എന്നാണ് പുറത്തു വരുന്ന കണക്കുകള്‍. 2014-15 കാലഘട്ടത്തില്‍ 7.5 പേര്‍ക്ക് വിവിധ പദ്ധതികളില്‍ പരിശീലനം ലഭ്യമായി. 10.5 മില്യണായിരുന്നു ആ വര്‍ഷത്തെ പ്രഖ്യാപിത ലക്ഷ്യം. അടുത്ത രണ്ട് വര്‍ഷം, അതായത്, 2015-16, 2016-17 കാലഘട്ടത്തില്‍ എല്ലാ വകുപ്പുകളും കൂടി 11.7 മില്യണ്‍ ജനങ്ങളെ പരിശീലിപ്പിച്ചു.

2017 മെയില്‍ പുറത്തു വന്ന ശാര്‍ദ പ്രസാദ് കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം, പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയുടെ ആദ്യ പടിയായി 1,500 കോടി രൂപ മുതല്‍ മുടക്കി 18 ലക്ഷം ആളുകളെ പരിശീലിപ്പിക്കുന്ന പരിപാടി നടത്തി. എന്നാല്‍ ജോലി ലഭ്യതയുടെ കാര്യത്തില്‍ പദ്ധതി പൂര്‍ണ്ണ പരാജയമായിരുന്നു. വിവിധ വിഭാഗങ്ങളും സ്ഥാപനങ്ങളും ഒരുപോലെ ഇതില്‍ പങ്കാളികളാണെന്നാണ് കമ്മറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ജോലി ലഭ്യതയുടെ കാര്യത്തില്‍ എത്ര ശതമാനം വിജയിച്ചു എന്നതിനും ഇതുവരെ കണക്കുകളില്ല.

കഴിഞ്ഞ വര്‍ഷം ജൂണില്‍ പഴയ ലക്ഷ്യങ്ങള്‍ മാറ്റി പുതിയവ കൊണ്ടുവരാന്‍ തീരുമാനിച്ചു. ഓരോ മേഖലയിലും വിദഗ്ധരെ പുറത്തു നിന്നും എടുക്കാനായിരുന്നു പുതിയ തീരുമാനം( ഉള്ള ആളുകള്‍ക്ക് പരിശീലനം നല്‍കുക എന്നതായിരുന്നു പദ്ധതിയുടെ തുടക്കത്തിലെ തീരുമാനം).

പുതിയ പദ്ധതി മാനദണ്ഡങ്ങളാണ് ഇപ്പോള്‍ സ്‌ക്കില്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നടന്നു കൊണ്ടിരിക്കുന്നത്. അതില്‍ എന്‍എസ്ഡിസി യ്ക്ക് വളരെ ചുരുങ്ങിയ ജോലികള്‍ മാത്രമേയുള്ളൂ. സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കൂടുതല്‍ ചുമതലകളും നല്‍കിയിരിക്കുന്നത്.

2018 മെയില്‍ പുറത്തു വന്ന വിവരാവകാശ റിപ്പോര്‍ട്ട് പ്രകാരം, പിഎംകെവിവൈയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിവിധ തൊഴിലുകളില്‍ പരിശീലനം ലഭിച്ച 10 പേരില്‍ മൂന്ന് പേര്‍ ജോലി കണ്ടെത്തുന്നു.

ഈ വര്‍ഷം ആഗസ്റ്റില്‍ പുറത്തു വന്ന റിപ്പോര്‍ട്ട് അനുസരിച്ച്, പരിശീലനം ലഭിക്കുന്ന 30.85 ലക്ഷം പേരില്‍ 8.4 ലക്ഷത്തിന് മാത്രമാണ് ജോലി ലഭ്യമാകുന്നത്. അതായത്, നാലില്‍ ഒരാള്‍ എന്ന് ശരാശരി കണക്ക് വച്ച് പറയാനാകും.

ദേശീയ നൈപുണ്യ വികസന പദ്ധതികളുടെ അടിത്തട്ടില്‍ വലിയ അഴിമതികള്‍ നടക്കുന്നുണ്ടെന്നാണ് ഒരു ദേശീയ മാധ്യമം കഴിഞ്ഞ ആഴ്ച പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ആധാര്‍ കാര്‍ഡിന്റെ തെറ്റായ ഉപയോഗത്തിലൂടെ ഇത്തരം അഴിമതികള്‍ പലതും നടക്കുന്നത്.

Top