ആരെ ക്ഷണിച്ചാലും പിണറായിയെ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ടത് ഉന്നത നേതാക്കള്‍

ര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്നും കേരള മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റി നിര്‍ത്തിയതിനു പിന്നില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ ശക്തമായ ഇടപെടലാണ് നിര്‍ണ്ണായകമായിരിക്കുന്നത്. മറ്റു പ്രതിപക്ഷ മുഖ്യമന്ത്രിമാരെ പങ്കെടുപ്പിക്കുന്നതിനൊപ്പം പിണറായിയെ കൂടി പങ്കെടുപ്പിക്കാമെന്ന നിര്‍ദ്ദേശം തുടക്കത്തില്‍ ഹൈക്കമാന്റിലെ ഉന്നതരില്‍ നിന്നുണ്ടായെങ്കിലും ഒടുവില്‍ അവരും പിന്‍മാറുകയാണ് ഉണ്ടായത്. കേരള ഘടകത്തോട് അഭിപ്രായം ചോദിച്ചപ്പോള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ പിന്‍മാറ്റം. തുടര്‍ന്ന് സി.പി.എമ്മിനെ ഒഴിവാക്കുന്നത് ശരിയല്ലന്ന ബോധ്യപ്പെട്ട രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് ഇടപെട്ടാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ ബംഗാളിലും ത്രിപുരയിലും സി.പി.എമ്മുമായി തുടര്‍ന്നും സഹകരിക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റുള്ളത്. സി.പി.എം പിന്തുണയില്‍ ബംഗാളില്‍ അടുത്ത കാലത്ത് ചില വിജയങ്ങള്‍ നേടാനായത് കോണ്‍ഗ്രസ്സിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈ രണ്ടു സംസ്ഥാനങ്ങള്‍ക്കു പുറമെ ബീഹാറിലെ ആര്‍.ജെ.ഡി സഖ്യത്തിലും തമിഴ് നാട്ടിലെ ഡി.എം.കെ സഖ്യത്തിലും കോണ്‍ഗ്രസ്സും സി.പി.എമ്മും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്ട്രയില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഖാഡി സഖ്യത്തില്‍ സി.പി.എമ്മു കൂടി വേണമെന്ന നിലപാടും ആ സഖ്യത്തിലെ പ്രധാനികള്‍ക്കുണ്ട്.

ശിവസേന എന്‍.സി.പി കോണ്‍ഗ്രസ്സ് തുടങ്ങിയ പാര്‍ട്ടികള്‍ നയിക്കുന്നതാണ് മഹാവികാസ് അഖാഡി സഖ്യം. ഇവിടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിച്ച സി.പി.എം മിന്നുന്ന വിജയമാണ് നേടിയിരുന്നത്. ഇതാണ് പ്രതിപക്ഷ സഖ്യത്തെ ആകര്‍ഷിച്ചിരിക്കുന്നത്. സി.പി.എമ്മിന്റെ കര്‍ഷക വിഭാഗമായ കിസാന്‍ സഭയ്ക്ക് ശക്തമായ വേരോട്ടമാണ് മറാത്ത മണ്ണിലെ ഗ്രാമങ്ങളിലുള്ളത്. ബി.ജെ.പി സര്‍ക്കാറിനെതിര ശക്തമായ പ്രക്ഷോഭം നടത്തുന്നതും സി.പി.എമ്മിന്റെ ഈ കര്‍ഷക സംഘടന തന്നെയാണ്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടുക എന്നതാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഏക അജണ്ട.

ശിവസേനയിലെ പിളര്‍പ്പ് മൂലം ഭരണം നഷ്ടമായെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യം ശിവസേനക്ക് അനുകൂലമാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം കോണ്‍ഗ്രസ്സ് കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങള്‍ ദക്ഷിണേന്ത്യയില്‍ തന്നെയാണുള്ളത്. കേരളത്തിലും കര്‍ണ്ണാടകയിലുമായി 35 സീറ്റുകളാണ് കോണ്‍ഗ്രസ്സ് പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട് ബീഹാര്‍ മഹാരാഷ്ട്ര തുടങ്ങിയ മറ്റു സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ സഖ്യവുമായി ചേര്‍ന്ന് പരമാവധി നേട്ടമുണ്ടാക്കാനാണ് നീക്കം. അതിനു വേണ്ടിയാണ് വിശാല പ്രതിപക്ഷ സഖ്യനീക്കത്തിന് കോണ്‍ഗ്രസ്സ് ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കര്‍ണ്ണാടകയിലെ ഇപ്പോഴത്തെ ഒത്തു ചേരല്‍ ഈ യോജിപ്പിന്റെ വേദിയാക്കി മാറ്റാനാണ് നീക്കം നടക്കുന്നത്.

പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പ്പര്യപ്പെടുന്ന ബീഹാര്‍ മുഖ്യമന്ത്രിനിതീഷ് കുമാര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു എന്നിവരെ മറികടക്കണമെങ്കില്‍ കോണ്‍ഗ്രസ്സിന് ലോകസഭയില്‍ സീറ്റുകളുടെ എണ്ണം കുത്തനെ കൂട്ടേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ മറ്റു പ്രതിപക്ഷ പാര്‍ട്ടികളും നെഹറു കുടുംബത്തെ അംഗീകരിക്കുകയൊള്ളൂ. ഇതിനായുള്ള ശ്രമങ്ങള്‍ക്കാണ് കര്‍ണ്ണാടകയില്‍ നിന്നും കോണ്‍ഗ്രസ്സ് തുടക്കമിടുന്നത്.

നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധിയെ ഉയര്‍ത്തികാട്ടാനും കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറായേക്കും. അതിനുളള സാധ്യതയും തള്ളിക്കളയാന്‍ കഴിയുന്നതല്ല. ഒരിക്കല്‍ അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ ഇനിയും രാഹുല്‍ ഗാന്ധിക്കെതിരെ നിരവധി വിധികള്‍ വരാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിക്ക് അടുത്ത ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും കഴിയുകയില്ല. ഇതും പ്രിയങ്കയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്. ഇത്തവണ രാഹുലിനു പകരം വയനാട്ടില്‍ നിന്നും പ്രിയങ്ക മത്സരിക്കുമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ കഴിഞ്ഞ തവണത്തെ മിന്നുംവിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നു തന്നെയാണ് കെ.പി.സി.സി നേതൃത്വത്തിന്റെ പ്രതീക്ഷ.

കര്‍ണ്ണാടക തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ വിജയം ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടതും കേരളത്തില്‍ തന്നെയാണ്. അടിയുലഞ്ഞ യു.ഡി.എഫിന് ആത്മവിശ്വാസം നല്‍കാന്‍ കര്‍ണ്ണാടക വിജയം കൊണ്ടു സാധിച്ചു എന്നാണ് കേരള നേതാക്കള്‍ വിലയിരുത്തുന്നത്. കേരള കോണ്‍ഗ്രസ്സിനെ കൂടി തിരിച്ചു മുന്നണിയില്‍ കൊണ്ടുവന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചു പിടിക്കാന്‍ കഴിയുമെന്നു തന്നെയാണ് അവരുടെ പ്രതീക്ഷ. ഇതിനായി വ്യക്തമായ മാസ്റ്റര്‍ പ്ലാന്‍ തന്നെ ഉണ്ടാക്കാനും കോണ്‍ഗ്രസ്സ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. വിവിധ ജാതി – മത സംഘടനാ നേതാക്കളെ ഒപ്പം നിര്‍ത്താന്‍ രാഹുല്‍ ഗാന്ധിയെ തന്നെ നേരിട്ട് രംഗത്തിറക്കാനും കേരള ഘടകത്തിനു പദ്ധതിയുണ്ട്.

വി.എം സുധീരന്‍ ഉള്‍പ്പെടെയുള്ള ജനകീയരായ നേതാക്കളെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന നിലപാടാണ് ഹൈക്കമാന്റിനുള്ളത്. കേരളത്തിലെ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബി.ജെ.പിക്ക് കഴിയാതിരിക്കുകയും കര്‍ണ്ണാടകയിലേതു പോലെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം സംഭവിക്കുകയും ചെയ്താല്‍ കേരളഭരണം എളുപ്പത്തില്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് ടീം രാഹുലും വിലയിരുത്തുന്നത്. അതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ പിണറായി സര്‍ക്കാറിനെതിരെ കൂടുതല്‍ കടുപ്പിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. ഈ ഒരു അജണ്ട കൂടി മുന്‍ നിര്‍ത്തിയാണ് പിണറായിയെ കര്‍ണ്ണാടകയിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും ഇപ്പോള്‍ തഴഞ്ഞിരിക്കുന്നത്.

EXPRESS KERALA VIEW

Top