അനന്ത്‌നാഗില്‍ ലഷ്‌കറെ ത്വയ്ബയുടെ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

ജമ്മു കശ്മീര്‍: കശ്മീരിലെ അനന്ത്‌നാഗില്‍ ഇന്ത്യന്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ലഷ്‌കറെ ത്വയ്ബയുടെ രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്.

ലഷ്‌കര്‍ കമാന്‍ഡര്‍ ബാഷിര്‍ ലഷ്‌കരിയും അസാദ് മാലിക്കുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. തലയ്ക്ക് പത്തുലക്ഷം രൂപ വിലയിട്ടിരുന്ന ഭീകരനാണ് ബാഷിര്‍. കൊക്രാങ് സ്വദേശിയായ ഇയാളെ 2015 ഒക്ടോബറില്‍ ആണ് ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്തത്. എപ്ലസ്പ്ലസ് കാറ്റഗറിയിലുള്ള ഭീകരനാണ് ബാഷിര്‍.

ഭീകരര്‍ക്ക് പുറമെ രണ്ട് സാധാരണക്കാരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.

കൊല്ലപ്പെട്ട ഭീകരര്‍ പ്രദേശത്തെ ലഷ്‌കറെ ത്വയ്ബയുടെ നേതാക്കളാണെന്നാണ് വിവരം. അനന്ത്‌നാഗിലെ ബട്ട്‌പോര്‍ ഗ്രാമത്തിലെ ഒരു കെട്ടിടത്തില്‍ ഭീകരര്‍ ഒളിവില്‍ തങ്ങിയിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേനയും സൈന്യവും എത്തിയത്.

തുടര്‍ന്ന് ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഗ്രാമീണരെ കവചമാക്കിക്കൊണ്ടാണ് ഭീകരര്‍ സൈന്യത്തിന് എതിരെ ആക്രമണം നടത്തിയത്.

ഭീകരര്‍ തടങ്കില്‍ പാര്‍പ്പിച്ചിരിക്കുന്ന 17 സാധാരണക്കാരെ സൈന്യം രക്ഷപ്പെടുത്തി. എന്നാല്‍ ഇനിയും ജനങ്ങള്‍ കെട്ടിടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

Top