ഏഴു ഐടി കമ്പനികള്‍ അരലക്ഷത്തിലധികം പേരെ പിരിച്ചുവിടാനൊരുങ്ങുന്നു

ബെംഗളൂരു: ഇന്ത്യന്‍ ഐടി കമ്പനികള്‍ അരലക്ഷത്തിലധികം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നയങ്ങളില്‍ മാറ്റം വരുത്താത്തതിനാലാണ് കമ്പനികളുടെ ഇത്തരത്തിലുള്ള നീക്കം.

ഏഴ് ഐടി കമ്പനികള്‍ ചേര്‍ന്ന് കുറഞ്ഞത് 56,000 എഞ്ചിനീയര്‍മാരെ ഈ വര്‍ഷം പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പിരിച്ചുവിട്ടതിന്റെ ഇരട്ടിയോളം പേരെയാണ് ഇത്തവണ പിരിച്ചുവിടുന്നത്.

ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍, അമേരിക്കന്‍ ആസ്ഥാനമായുള്ള കോഗ്‌നിസന്റ്, ഡിഎക്‌സ് സി ടെക്‌നോളജി, ഒപ്പം ഒരു ഫ്രഞ്ച് കമ്പനിയിലുമായി 12 ലക്ഷം ജീവനക്കാരാണുള്ളത്. ഇവരില്‍ നിന്ന് 4.5 ശതമാനത്തെയാണ് ഈ വര്‍ഷം ഒഴിവാക്കുന്നത്.

പിരിച്ചുവിടലിന്റെ ഭാഗമായി നിരവധി ജീവനക്കാര്‍ക്ക് റേറ്റിങ് മോശമാണെന്ന് കാട്ടി ഏഴ് കമ്പനികളും നോട്ടീസ് നല്‍കി. കോഗ്‌നിസന്റില്‍ 15,000 പേരെ ബക്കറ്റ് 4 വിഭാഗത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. അതേസമയം ഇന്‍ഫോസിസില്‍ 3000 സീനിയര്‍ മാനേജര്‍മാരെ മെച്ചപ്പെടാനുള്ളവരുടെ ഗണത്തില്‍ പെടുത്തി.

ഡിഎക്‌സ് സി ടെക്‌നോളജി മൂന്നു വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഓഫീസുകളുടെ എണ്ണം 50 ല്‍ നിന്ന് 26 ആക്കി ചുരുക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കമ്പനിയുടെ 1,75,000 ജീവനക്കാരില്‍ 10,000 പേരോട് ഈ വര്‍ഷം പിരിഞ്ഞുപോകാനുള്ള നിര്‍ദ്ദേശം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Top