ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയ്ക്ക് ജാമ്യം

ന്യൂഡല്‍ഹി: അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക് ജാമ്യം. ടൂള്‍കിറ്റ് കേസിലാണ് അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷം ഡല്‍ഹി പട്യാലഹൗസ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ.

ഫെബ്രുവരി 13-ന് ബംഗളൂരുവില്‍ നിന്നാണ് ഡല്‍ഹി പൊലീസ് ദിശ രവിയെ അറസ്റ്റ് ചെയ്തത്. കാര്‍ഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തന്‍ബെര്‍ഗ് ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍കിറ്റ് രൂപകല്‍പന ചെയ്തതിനാണ് ദിശ അറസ്റ്റിലാകുന്നത്. രാജ്യദ്രോഹകുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.

കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കെതിരേ ഗ്രേറ്റ തന്‍ബെര്‍ഗ് രൂപീകരിച്ച ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ കാമ്പയിന്‍ എന്ന പരിസ്ഥിതി സംഘടനയുടെ ഇന്ത്യയിലെ സ്ഥാപകപ്രവര്‍ത്തകരിലൊരാളാണ് ദിശ.

കര്‍ഷകപ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ടൂള്‍കിറ്റും റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളും തമ്മില്‍ നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവുണ്ടോയെന്ന് ഡല്‍ഹി പൊലീസിനോട് കോടതി ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ ചോദിച്ചിരുന്നു.

 

Top