നാളത്തെ സി.പി.എം. സെക്രട്ടറിയേറ്റില്‍ സജി ചെറിയാന്റെ രാജിയിൽ തീരുമാനം

തിരുവനന്തപുരം: ഭരണഘടനയെ വിമർശിച്ച മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ തീരുമാനമെടുക്കും. ഇന്ന് ചേര്‍ന്ന അവയ്‌ലബിള്‍ സെക്രട്ടറിയേറ്റില്‍ വിഷയം ചർച്ച ചെയ്‌തെങ്കിലും അന്തിമ തീരുമാനം നാളത്തെ സമ്പൂര്‍ണ്ണ സെക്രട്ടറിയേറ്റ് യോഗത്തില്‍ മതിയെന്നാണ് തീരുമാനം. ഇന്ന് ചേര്‍ന്ന യോഗത്തില്‍ വിവാദ പരാമര്‍ശത്തില്‍ മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. എതിരാളികള്‍ക്ക് ആയുധം നല്‍കുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളതെന്നും വാക്കുകളില്‍ മിതത്വം പാലിക്കേണ്ടിയിരുന്നുവെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഭരണഘടനയെ അല്ല ഭരണകൂടത്തെയാണ് തന്റെ വിമര്‍ശനം ലക്ഷ്യം വെച്ചിരുന്നതെന്ന് സജി ചെറിയാന്‍ വിശദീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സി.പി.എം. അവയ്‌ലബിള്‍ സെക്രട്ടറിയേറ്റിലേക്ക് പ്രമുഖ നേതാക്കളെല്ലാം എത്തിയിരുന്നു. രാജിവെക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് രാജിവെക്കണമെന്നും എന്താണ് പ്രശ്നമെന്നും സജി ചെറിയാന്‍ ചോദിച്ചു. തനിക്ക് പറയാനുള്ളത് ഇന്നലെ പറഞ്ഞതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top