രാജ്യാന്തര വിപണി പിന്തുണയിൽ ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി പോസിറ്റീവ് ക്ളോസിങ് നടത്തി. നാളെ അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കെ ഫെഡ് അംഗങ്ങൾ വീണ്ടും നിരക്കുയർത്തലിന്റെ ആവശ്യകതയ്ക്കൊപ്പം നിരക്ക് വർദ്ധന അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത് അമേരിക്കൻ വിപണിക്ക് പോസിറ്റീവ് ക്ളോസിങ് നൽകിയതും, ചൈനീസ് ‘സ്റ്റിമുലസ്’ പ്രതീക്ഷകൾ വീണ്ടും സജീവമായതും ഏഷ്യൻ വിപണികൾക്ക് ഇന്ന് മികച്ച തുടക്കം നൽകി.
നാളെ ടിസിഎസ്സിന്റെയും എച്ച്സിഎൽ ടെകിന്റെയും റിസൾട്ടുകൾ വരും. അടുത്ത ആഴ്ച റിസൾട്ട് വരാനിരിക്കുന്ന ഐടി ഓഹരികളുടെ പിൻബലത്തിൽ ഐടി സെക്ടറും, ഒപ്പം ഫാർമ, ഓട്ടോ, റിയൽറ്റി, ഇൻഫ്രാ, എഫ്എംസിജി സെക്ടറുകളും 1%ൽ കൂടുതൽ മുന്നേറ്റം നേടി. മിഡ് & സ്‌മോൾ ക്യാപ് സെക്ടറുകളും ഇന്ന് യഥാക്രമം 0.9%വും 1.3%വും വീതം മുന്നേറ്റം നേടി.
നാളെ ഇന്ത്യൻ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾക്കൊപ്പം തന്നെ ഇന്ത്യൻ വ്യവസായികോല്പാദനക്കണക്കുകളും പുറത്ത് വരുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. പണപ്പെരുപ്പക്കണക്കുകൾ ബാങ്കിങ്, ഫിനാൻസ്, ഓട്ടോ, റിയൽറ്റി സെക്ടറുകളെ സ്വാധീനിക്കുമ്പോൾ നാളെ പുറത്ത് വരാനിരിക്കുന്ന ഐഐപി ഡേറ്റ മാനുഫാക്ച്ചറിങ് സെക്ടറിന് പ്രധാനമാണ്.
നാളെ ടിസിഎസ്, എച്ച്സിഎൽ ടെക്ക് എന്നീ ഇന്ത്യ ഐടി ഭീമന്മാരുടെ റിസൾട്ടുകൾ ഇന്ത്യൻ വിപണിക്ക് വളരെ നിർണായകമാണ്. അനന്ത് രാതി, 5പൈസ എന്നീ ഓഹരി ദല്ലാൾമാരുടെ റിസൾട് പ്രഖ്യാപനങ്ങളും നാളെയാണ്. നാഷണൽ സ്റ്റാൻഡേർഡ്, എസ്എസ്ഡബ്ലിയുഎൽ, ആർട്സ്ൺ എൻജിനിയറിങ്, അകി ഇന്ത്യ ലിമിറ്റഡ്, പ്രെഷർ സെൻസിറ്റീവ് സിസ്റ്റം, ഹാഥ് വേ ഭവാനി മുതലായ ഓഹരികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഇന്നലെ സംസാരിച്ച അമേരിക്കൻ ഫെഡ് അംഗംങ്ങളിൽ പലരും അടുത്ത 50 ബേസിസ് പോയിന്റ് വർധനക്ക് ശേഷം ഫെഡ് നിരക്ക് വർദ്ധന അവസാനിക്കുകയാണ് എന്ന സൂചന നിരക്ക് വർദ്ധന ഉൾകൊണ്ട് കഴിഞ്ഞ അമേരിക്കൻ വിപണിക്ക് ഇന്നലെ മുന്നേറ്റം നൽകി. ഇന്നലെ ബോണ്ട് യീൽഡ് വീണ്ടും 4%ൽ താഴെ വന്നതും വിപണിക്ക് അനുകൂലമായി. നാളെ വരുന്ന അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ ലോക വിപണിയുടെ ഗതി നിർണയിച്ചേക്കാം. മെയ് മാസത്തിൽ 4%ലേക്കിറങ്ങിയ അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പ വളർച്ച ജൂണിൽ 3.2%ലേക്ക് കുറഞ്ഞിട്ടുണ്ടാകാമെന്നാണ് വിപണി പ്രതീക്ഷ. അമേരിക്കൻ സിപിഐ വളർച്ച തോത് 2%ലേക്ക് എത്തിക്കുക എന്നതാണ് ഫെഡ് റിസർവിന്റെ ലക്‌ഷ്യം. ജർമനിയുടെ ജൂണിലെ പണപ്പെരുപ്പവളർച്ച തോത് 6.4%ലേക്ക് വർദ്ധിച്ചത് യൂറോപ്യൻ വിപണിയുടെ ആവേശം തണുപ്പിച്ചു. ചൈന പുതിയ സാമ്പത്തിക ഉത്തേജന പദ്ധതികൾ പ്രഖ്യാപിക്കുമെന്ന സൂചന ഏഷ്യൻ, യൂറോപ്യൻ വിപണികൾക്ക് പ്രതീക്ഷയാണ്.
ബ്രെന്റ് ക്രൂഡ് ഓയിൽ 78 ഡോളറിൽ വ്യാപാരം തുടരുന്നു. നാളെ വരുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകൾ അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾക്കൊപ്പം ക്രൂഡ് ഓയിലിന്റെ ചലനങ്ങളെയും സ്വാധീനിക്കും.
അമേരിക്കൻ ബോണ്ട് യീൽഡ് 4%ൽ താഴെ വന്നത് രാജ്യന്തര സ്വർണവിലയ്ക്ക് ഇന്ന് കുതിപ്പ് നൽകി. സ്വർണം 1940 ഡോളറിലേക്ക് തിരികെയെത്തി. നാളത്തെ അമേരിക്കൻ പണപ്പെരുപ്പക്കണക്കുകളും ഡോളറിന്റെ വിലവ്യതിയാനങ്ങളും സ്വര്ണത്തെയും സ്വാധീനിക്കും.
ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഐപിഓ നാളെ ആരംഭിച്ച് ജൂലൈ 14ന് അവസാനിക്കും. വാരാണസി ആസ്ഥാനമായ ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന ബാങ്ക് 23-25 രൂപ നിരക്കിൽ 500 കോടി രൂപയാണ് ഐപിഓയിലൂടെ സമാഹരിക്കുന്നത്.
ഇന്നലെ ആരംഭിച്ച കാക ഇന്ഡസ്ട്രീസിന്റെ ഐപിഓ ജൂലൈ 12ന് അവസാനിക്കുന്നു. എസ്എംഇ കമ്പനി ഓഹരികൾക്കായി 55-58 രൂപ നിരക്കിൽ 2000 ഓഹരികൾക്ക് അപേക്ഷ നല്കണം.