നാളെ പ്രദര്‍ശനത്തിന് എത്തുന്നത് അഞ്ച് മലായാള ചിത്രങ്ങള്‍

നാളെ തിയറ്ററുകളില്‍ എത്തുന്നത് അഞ്ച് ചിത്രങ്ങള്‍. ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ഇഷ്‌ക്, പുതുമുഖങ്ങള്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഒരൊന്നൊന്നര പ്രണയകഥ ,ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന കുട്ടിമാമ, അപര്‍ണ ഗോപിനാഥ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു നക്ഷത്രമുള്ള ആകാശം, സിബി തോമസ് നായകനായി അഭിനയിക്കുന്ന സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍ എന്നീ ചിത്രങ്ങളാണ് നാളെ പ്രദര്‍ശനത്തിന് എത്തുന്നത്.

നവാഗതനായ അനുരാജ് മനോഹറാണ് ഇഷ്‌ക് സംവിധാനം ചെയ്തിരിക്കുന്നത്. ആന്‍ ശീതള്‍ ആണ് ചിത്രത്തിലെ നായിക.ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പുതുമുഖങ്ങളെ അണിനിരത്തി ഷിബു ബാലന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ഒരൊന്നൊന്നര പ്രണയകഥ.ഷെബിന്‍ ബെന്‍സണ്‍, സായ ഡേവിഡ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

വിനയ്ഫോര്‍ട്ട്, സുധീര്‍ കരമന, അലന്‍സിയര്‍, മാമുക്കോയ, വിനോദ് കോവൂര്‍, വേണുമച്ചാട്, നാസ്സര്‍ ചേലക്കര, ബിനോയ് നാബല, സുരഭിലക്ഷ്മി, ഉമാനായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗോള്‍ഡണ്‍ ഗ്ലോബിന്റെ ബാനറില്‍ എം.എം. ഹനീഫ, നിധിന്‍ ഉദയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും അണിയറയില്‍ ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുട്ടിമാമ.മീരാ വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ രണ്ട് നായികമാര്‍. തന്മാത്ര എന്ന ബ്ലെസി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ വലിയൊരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രം.

വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അപര്‍ണ ഗോപിനാഥ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഒരു നക്ഷത്രമുള്ള ആകാശം.നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവുമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുനീഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ ലാല്‍ജോസും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.

തൊണ്ടിമുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസാണ് പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍. ആശാ പ്രഭയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ഒരു നാട്ടിന്‍ പുറത്തുകാരന്റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ പുതുമുഖമായ അതുല്യ പ്രമോദാണ് നായിക.

Top