അര്‍ജന്റീന കുറസാവോയും തമ്മിൽ നാളെ മത്സരം; ചരിത്ര നേട്ടം ലക്ഷ്യമിട്ട് മെസി

ബ്യൂണസ് ഐറിസ്: ലോകകപ്പ് വിജയത്തിന് ശേഷമുള്ള അര്‍ജന്റീനയുടെ രണ്ടാം മത്സരം നാളെ നടക്കും. പുലര്‍ച്ചെ 5 മണിക്ക് തുടങ്ങുന്ന കളിയില്‍ കുറസാവോയാണ് എതിരാളി. മത്സരത്തില്‍ ഒരു ഗോള്‍ നേടിയാല്‍ ലിയോണല്‍ മെസിക്ക് അന്താരാഷ്ട്ര കരിയറില്‍ 100 ഗോള്‍ തികയ്ക്കാം. ലോകകപ്പ് വിജയത്തിന്റെ ആഹ്ലാദതിമിര്‍പ്പിലാണ് അര്‍ജന്റീന. പനാമയ്‌ക്കെതിരായ മത്സരം ആഘോഷിക്കാനൊരിടമായിരുന്നു. കളത്തില്‍ ഒരു ആശങ്കകളോ സമ്മര്‍ദ്ദങ്ങളോ ഇല്ലാതെ ആസ്വാദിച്ച് കളിച്ച മെസ്സിയും സംഘവും എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയവും സ്വന്തമാക്കി.

ഇനി എതിരാളി കുറസാവോയാണ്. ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയതിന് ശേഷമുള്ള അര്‍ജന്റീനയുടെ ആദ്യ മത്സരമെന്ന പ്രത്യേക കൂടിയുണ്ട് ഈ കളിക്ക്. 86-ാം റാങ്കുകാരാണ് കുറസവോ. ഈ സൗഹൃദ മത്സരത്തില്‍ ആരാധകര്‍ ഒരിക്കല്‍ കൂടി മെസിയെ ഉറ്റ് നോക്കും. ആ കാലില്‍ നിന്ന് ഒരു ചരിത്ര ഗോള്‍ പിറക്കുന്നതും കാത്ത്. അന്താരാഷ്ട്ര കരിയറിലെ നൂറ് ഗോള്‍ നേട്ടത്തിലെക്ക് മസിക്ക് ഒറ്റ ഗോള്‍ കൂടി മതി. 173 മത്സരങ്ങളില്‍ നിന്നാണ് മെസി 99 ഗോള്‍ നേടിയത്. പനാമയ്‌ക്കെതിരെ ലോകകപ്പ് ഫൈനലില്‍ ആദ്യ ഇലവനില്‍ ഇറങ്ങിയവരെയാണ് കോച്ച് ലയണല്‍ സ്‌കലോണി അണിനിരത്തിയത്.

കുറസോവയ്‌ക്കെതിരെ അടിമുടി മാറ്റമുണ്ടാകും. പനാമയ്‌ക്കെതിരെ ഗോള്‍ നേടിയ തിയാഗോ അല്‍മാഡ ആദ്യ ഇലവനില്‍ എത്തിയേക്കും. ഡിബാല, ലൗതാറോ മാര്‍ട്ടിനസ്, ലിസാന്‍ഡ്രാ മാര്‍ട്ടിനസ് , ലിയാന്‍ഡ്രോ പരഡേസ് എന്നിവര്‍ക്കെല്ലാം ആദ്യ ഇലവനില്‍ അവസരമുണ്ടാകും.

Top