ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകം; നാളെ രാജ്യവ്യാപക പ്രതിഷേധം

തിരുനെല്‍വേലി : തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ തൊട്ടുകൂടായ്മക്കെതിരെ സംസാരിച്ചതിന് ക്രൂരമായി കൊലചെയ്യപ്പെട്ട ജില്ലാ ട്രഷറര്‍ അശോകിന്റെ (26)മരണത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ഡിവൈഎഫ്ഐ രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നു.

സംഭവത്തിന് പിന്നാലെ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ രാഷ്ട്രപതിക്കും മറ്റ് അധികാരികള്‍ക്കും പരാതി നല്‍കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു . പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്നും കൊലയാളികളെ ഉടന്‍ പിടികൂടണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

കൊലചെയ്യപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ മുമ്പ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താതെ അനാസ്ഥ കാണിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യം ഉന്നയിച്ചു.

ഗംഗൈകൊണ്ടാന്‍ എടിസി ടയര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന അശോകനെ ബുധനാഴ്ച രാത്രി 9.45ഓടെയായിരുന്നു ബൈക്കിലെത്തിയ ഏഴംഗസംഘം വെട്ടി കൊലപ്പെടുത്തിയത്. രാത്രി ജോലിക്ക് പോകാന്‍ കരയിരുപ്പില്‍ ബസ് കാത്തുനില്‍ക്കെയാണ് സംഘം അശോകിനെ ആക്രമിച്ചത്. കൊടുവാളുകള്‍കൊണ്ട് കഴുത്തിനും താടിയിലും കൈയിലും തോളിലും വെട്ടിവീഴ്ത്തുകയായിരുന്നു.

Top