ഇനി ആര് പൊലീസ് തലപ്പത്തേക്ക് വന്നാലും തച്ചങ്കരി തന്നെ പൊലീസ് ആസ്ഥാനം ഭരിക്കും

തിരുവനന്തപുരം: ലോക് നാഥ് ബഹ്റക്കെതിരായ വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തില്‍ ജാഗ്രത പാലിച്ച് സര്‍ക്കാര്‍.

പെയിന്റ് വിവാദത്തില്‍ ബഹ്‌റയ്ക്ക് വ്യക്തിപരമായി ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന നിഗമനത്തിലാണ് സര്‍ക്കാറെങ്കിലും കോടതി കടുത്ത നിയമ നടപടിയിലേക്ക് കടന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ബഹ്‌റ തെറിക്കും.

ഇവിടെ ഉത്തരവ് നടപ്പായില്ലായിരുന്നുവെങ്കില്‍ ഇ.പി ജയരാജന്റെ ബന്ധു നിയമന കേസില്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ സമ്പാദിച്ച പോലെ ബഹ്‌റയ്ക്കു മുന്നിലും സാധ്യതകളുണ്ടായിരുന്നു.

എന്നാല്‍ ബഹ്‌റയിട്ട ഉത്തരവ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലടക്കം നടപ്പാക്കിയതിനാല്‍ വിജിലന്‍സ് കോടതി തുടര്‍ നടപടികളുമായി മുന്നോട്ട് പോയാല്‍ അതിന് സ്റ്റേ കിട്ടാനുള്ള സാധ്യത കുറവാണെന്നാണ് നിയമ കേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നത്.

ജയരാജന്റെ ബന്ധു നിയമന കേസില്‍ ആരെങ്കിലും നേട്ടമുണ്ടാക്കിയിട്ടുണ്ടോയെന്നും കേസ് തുടരണമോയെന്ന് വിജിലന്‍സിന് തീരുമാനിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നത്.

ജയരാജന്റെ ബന്ധു സുധീര്‍ നമ്പ്യാര്‍ക്ക് ഗുണമുണ്ടായി എന്നും അത് വിലയേറിയ കാര്യസാധ്യമായി കണക്കാക്കണമെന്നും ആദ്യം കടുത്ത നിലപാട് സ്വീകരിച്ചിരുന്ന വിജിലന്‍സ് പിന്നീട് നിലപാട് മാറ്റിയതും സ്റ്റേ ലഭിക്കുന്നതിന് സഹായകരമായി മാറിയിരുന്നു.

എന്നാല്‍ ബഹ്‌റക്കെതിരായ പരാതി അങ്ങനെയല്ല, ധൃതി പിടിച്ച് ഉത്തരവിറക്കിയത് തന്നെ കോടതിയുടെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

470 പൊലീസ് സ്റ്റേഷനുകളിലും ഡിവൈഎസ്പി – സിഐ ഓഫീസുകളിലും ഉപയോഗിക്കാന്‍ ഒരു പ്രത്യേക കമ്പനിയുടെ പേര് നിര്‍ദ്ദേശിച്ചത് ടെന്‍ഡറോ മറ്റ് നിയമപരമായ നടപടി ക്രമങ്ങളോ പാലിക്കാതെയാണെന്നതും തിരിച്ചടിയാണ്. ഇതിനു പിന്നില്‍ അഴിമതിയും ഗൂഡാലോചനയും ഉണ്ടെന്നാണ് പരാതിക്കാരന്റെ ആക്ഷേപം.

ഇക്കാര്യത്തില്‍ 20 ന് അകം മറുപടി നല്‍കാനാണ് ബഹ്‌റയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഹര്‍ജി പരിഗണിക്കുന്നതിനിടെ ഒരു പ്രത്യേക കമ്പനിയുടെ പേരെടുത്ത് പറഞ്ഞ് പൊലീസ് മേധാവിയെന്ന നിലയില്‍ ഉത്തരവ് പുറപ്പെടുവിച്ചത് തെറ്റല്ലേയെന്ന് കോടതി ചോദിച്ചത് അപകട ‘സിഗ്‌ന’ലായിട്ടാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളും കാണുന്നത്.

ബഹ്‌റയെ ന്യായീകരിച്ച് രംഗത്ത് വരാത്ത സിപിഎം നേതൃത്വവും തികഞ്ഞ മൗനത്തിലാണ്.

20 ന് ഹര്‍ജി വീണ്ടും പരിഗണിക്കുന്ന കോടതിയില്‍ നിന്നും ബഹ്‌റയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന തീരുമാനമുണ്ടായാല്‍ വിജിലന്‍സ് ഡയറക്ടര്‍ ചുമതലയില്‍ നിന്നും മാറ്റും.

ഇപ്പോള്‍ തന്നെ ബഹ്‌റയെ മാറ്റണമെന്ന ആവശ്യം ശക്തമാണെങ്കിലും 20 വരെ കാത്ത് നില്‍ക്കാമെന്ന നിലപാടിലാണ് സര്‍ക്കാറും സിപിഎം നേതൃത്വവും.

ബഹ്‌റയെ മാറ്റേണ്ടി വന്നാല്‍ ഹേമചന്ദ്രന്‍, രാജേഷ് ദിവാന്‍ എന്നിവരാണ് പരിഗണനയില്‍. സെന്‍കുമാര്‍ വിരമിച്ചാല്‍ ഹേമചന്ദ്രനെ പൊലീസ് മേധാവിയും രാജേഷ് ദിവാനെ വിജിലന്‍സ് ഡയറക്ടറുമാക്കണമെന്ന നിര്‍ദ്ദേശം നേരത്തെ തന്നെ സിപിഎം കേന്ദ്രങ്ങളില്‍ സജീവമായിരുന്നു.

ബഹ്‌റ വിജിലന്‍സ് കുരുക്കില്‍ കുടുങ്ങിയാല്‍ സര്‍ക്കാറിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഉണ്ടാകുക.

സര്‍ക്കാറിന് താല്‍പര്യമുള്ള ഡിജിപിമാരുടെ അഭാവമാണ് ഇതിന് പ്രധാന തടസ്സം.

ഹേമചന്ദ്രനെ സിപിഎം സെക്രട്ടറിക്ക് താല്‍പര്യമാണെങ്കിലും മുഖ്യമന്ത്രിയുടെ നിലപാട് അനുകൂലമാകുമോ എന്ന സംശയം ഇപ്പോഴും നിലനില്‍കുന്നുണ്ട്.

ജേക്കബ് തോമസ്, ഋഷിരാജ് സിങ്ങ് എന്നിവരെ പരിഗണിക്കാന്‍ സിപിഎം നേതൃത്വത്തിന് താല്‍പ്പര്യവുമില്ല.

ഇനി ആരെ പൊലീസ് മേധാവിയാക്കിയാലും ടോമിന്‍ തച്ചങ്കരിയെപ്പോലെ അഡ്മിനിസ്‌ട്രേഷന്‍ രംഗത്ത് കഴിവു തെളിയിച്ച ഉദ്യോഗസ്ഥന്‍ പൊലീസ് ആസ്ഥാനത്ത് ഉള്ളതിനാല്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന ആത്മവിശ്വാസവും സര്‍ക്കാറിനുണ്ട്.

സുപ്രീം കോടതി ഉത്തരവിന്റെ ബലത്തില്‍ വരുന്ന സെന്‍കുമാര്‍ ‘അപകടകാരി’ യാവുമെന്ന് കണ്ടാണ് സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേഷന്‍ എഡിജിപിയായി തച്ചങ്കരിയെ സെന്‍കുമാറിന്റെ മൂക്കിനു താഴെ പ്രതിഷ്ടിച്ചിരുന്നത്.

ഇതുവരെ ഈ തസ്തികയില്‍ ഇരുന്ന ഉദ്യോഗസ്ഥര്‍ എടുക്കാത്ത ‘പവറാണ് ‘ ഇപ്പോള്‍ തച്ചങ്കരി ഉപയോഗപ്പെടുത്തുന്നത്.

ചുമതലയേറ്റ ഉടനെ തന്നെ പൊലീസ് ആസ്ഥാനത്തെ കാര്യങ്ങളെല്ലാം തച്ചങ്കരി തന്റെ നിയന്ത്രണത്തിലാക്കി മാറ്റിയിരുന്നു.

സെന്‍കുമാര്‍ സ്ഥലം മാറ്റിയ ജീവനക്കാരുടെ സ്ഥലംമാറ്റം സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നിലും തച്ചങ്കരിയുടെ ഇടപെടലാണെന്നാണ് സൂചന. ഇത് ജീവനക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ പിന്തുണയാണ് പ്രധാന കരുത്ത്.

Top