tomin thachankary in valayar check post

പാലക്കാട്: വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ മിന്നല്‍ പരിശോധനയുമായി ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ തച്ചങ്കരി.

മൂന്നുലക്ഷം രൂപയുടെ നികുതി വെട്ടിച്ചുകടന്ന അഞ്ചുവാഹനങ്ങള്‍ കമ്മിഷണര്‍ അരമണിക്കൂറുകൊണ്ട് പിടികൂടി. കൈക്കൂലിവാങ്ങി ചെക്‌പോസ്റ്റില്‍ പരിശോധനയില്ലാതെ വാഹനം കടത്തിവിടുന്നതായും കണ്ടെത്തി.

വാളയാര്‍ ചെക്‌പോസ്റ്റ് കടന്നു ദേശീയപാതയിലൂടെ പാലക്കാടു ഭാഗത്തേക്കു വന്ന വാഹനങ്ങളാണു ഗതാഗത കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി പരിശോധിച്ചത്. പെര്‍മിറ്റില്ലാതെയും ടാക്‌സ് അടയ്ക്കാതെയും നിരവധി യാത്രാവാഹനങ്ങളും ചരക്കുലോറികളും ചെക്‌പോസ്റ്റ് കടന്നുവന്നു. ആര്‍ടിഒ ചെക്‌പോസ്റ്റില്‍ കൈക്കൂലി കൊടുത്തെന്നും വിട്ടയ്ക്കണമെന്നും ഡ്രൈവര്‍മാര്‍ അപേക്ഷിച്ചു. എന്നാല്‍ പണം കൊടുത്തതിനു രേഖകളില്ല.

ബെംഗളുരുവില്‍നിന്നു മലപ്പുറത്തേക്കു ഗ്രാനൈറ്റ് കൊണ്ടുവന്ന ലോറിയാണു നികുതിവെട്ടിപ്പില്‍ ഒന്നാമത്. കമ്മിഷണര്‍ വണ്ടി പിടിച്ചപ്പോള്‍ പാസിങ് വണ്ടിയാണെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. അതായത് ഒരു രേഖയുമില്ലാതെ ലോറി ചെക്‌പോസ്റ്റ് കടന്നപ്പോള്‍ രണ്ടരലക്ഷം രൂപയുടെ വെട്ടിപ്പാണ് ഉദ്യോഗസ്ഥരും ഇടനിലക്കാരും നടത്തിയത്. വാളയാര്‍ ഇന്‍ ചെക്ക് പോസ്റ്റിലെത്തിയ കമ്മിഷണര്‍ രേഖകള്‍ പരിശോധിച്ചു.

വാളയാറില്‍ സമൂലമായ മാറ്റം അനിവാര്യമാണ്. ജോലിയില്‍ വീഴ്ചവരുത്തിയ ഗതാഗത, വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുമെന്നും കമ്മിഷണര്‍ പറഞ്ഞു.

Top