കെ.എസ്.ആര്‍.ടി.സി മന്ത്രി എവിടെ പോയി ? വിലസുന്നതും ‘സൂപ്പര്‍ മന്ത്രി’യായതും തച്ചങ്കരി

Tomin Thachankari

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി കൈകാര്യം ചെയ്യുന്ന വകുപ്പ് മന്ത്രിയേക്കാള്‍ പവര്‍ എം.ഡി ടോമിന്‍ തച്ചങ്കരിക്ക്.

സര്‍ക്കാറിന് ബാധ്യതയും തലവേദനയും ആയ കെ.എസ്.ആര്‍.ടിസിയെ ശരിയാക്കിയെടുക്കാന്‍ അവസാനത്തെ ‘ആയുധമായി’ രംഗത്തിറക്കിയ ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്ക് ആനവണ്ടിയുടെ കീ ഏല്‍പ്പിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു . . എല്ലാം ശരിയാകുമെന്ന്.

പിണറായി സര്‍ക്കാറിന്റെ ഈ വിശ്വാസം കാത്ത് സൂക്ഷിക്കുന്ന നടപടികളാണ് യുദ്ധകാല അടിസ്ഥാനത്തില്‍ പിന്നിട് കെ.എസ്.ആര്‍.ടി.സിയില്‍ തച്ചങ്കരി നടപ്പാക്കിയത്.

ശബളം നല്‍കാന്‍ സര്‍ക്കാറിനു മുന്നില്‍ യാചിക്കുന്ന അവസ്ഥ മാറ്റി സാമ്പത്തികമായി വലിയ കുതിച്ച് ചാട്ടമുണ്ടാക്കാന്‍ ചുരുങ്ങിയ സമയം കൊണ്ടു തന്നെ തച്ചങ്കരിക്ക് കഴിഞ്ഞു.

ഭരണപക്ഷ യൂണിയനുകള്‍ക്ക് പ്രത്യേകിച്ച് സി.ഐ.ടി.യു അഫിലിയേഷനുള്ള യൂണിയനുകള്‍ക്ക് മൃഗീയ മേധാവിത്വമുള്ള കെ.എസ്.ആര്‍.ടി.സിയില്‍ തച്ചങ്കരിയുടെ പരിഷ്‌ക്കാരത്തിനെതിരെ കൊടി പിടിച്ചവര്‍ക്കും കിട്ടി എട്ടിന്റെ പണി. സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ച നേതാക്കള്‍ക്ക് അവിടെ നിന്നും കിട്ടി ശകാരം.

ഇതുവരെ കെ.എസ്.ആര്‍.ടി.സി കൈകാര്യം ചെയ്ത മന്ത്രിമാരുടെയോ, എം.ഡിമാരുടേയോ പാതയിലല്ല തച്ചങ്കരിയുടെ പോക്ക്. തികച്ചും വ്യത്യസ്തമായി എങ്ങനെ ലാഭകരമായി കോര്‍പ്പറേഷനെ മാറ്റാം എന്നത് മാത്രമാണ് അദ്ദേഹം ആലോചിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മിന്നല്‍ പരിശോധന നടത്തിയും ജീവനക്കാരുമായി സംവദിച്ചും ആത്മവിശ്വാസം നല്‍കിയ തച്ചങ്കരി നിലവിലെ റൂട്ടുകളില്‍ ‘തനി റൂട്ട് ‘ഇട്ടാണ് കെ.എസ്.ആര്‍.ടി.സിയെ കഴിഞ്ഞ രണ്ട് മാസങ്ങളില്‍ വലിയ കളക്ഷനിലേക്ക് എത്തിച്ചിരിക്കുന്നത്.

ശബളം കൃത്യമായി കിട്ടുമെന്ന തച്ചങ്കരിയുടെ വാഗ്ദാനം മന്ത്രിയുടെ ഉറപ്പുപോലെയാകുമോ എന്ന് ശങ്കിച്ച ജീവനക്കാര്‍ക്ക് കൃത്യമായി ശബളം ലഭിച്ചതോടെ യൂണിയന്‍ നേതാക്കളേക്കാള്‍ പ്രിയപ്പെട്ടവനായി മാറി ഈ ഐ.പി.എസ്.ഓഫീസര്‍.

വകുപ്പ് മന്ത്രി ശശീന്ദ്രനാകട്ടെ മുന്‍പ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന തച്ചങ്കരിയുടെ കാര്‍ക്കശ്യം നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതിനാലും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് നിയമിച്ചത് എന്നതിനാലും ഒരു ഇടപെടലും നടത്താതെ മാറി നില്‍ക്കുകയാണ്. സ്ഥലമാറ്റം ഉള്‍പ്പെടെ എല്ലാം തച്ചങ്കരിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് കെ.എസ്.ആര്‍.ടി.സിയില്‍ നടക്കുന്നത്.

ജോലി ചെയ്താലും ഇല്ലങ്കിലും ശബളം ലഭിക്കുന്ന കാലം കഴിഞ്ഞെന്ന് പ്രഖ്യാപിച്ച തച്ചങ്കരിക്കെതിരെ യൂണിയനുകള്‍ സംഘടിതമായി പ്രതിഷേധം തുടരുകയാണെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് തച്ചങ്കരി മുന്നോട്ട് പോകുന്നത്.

ജീവനക്കാരുടെ താല്‍പര്യമല്ല, യാത്രക്കാരുടെ താല്‍പ്പര്യത്തിന് അനുസരിച്ചാണ് ഷെഡ്യൂളുകള്‍ തീരുമാനിക്കേണ്ടതെന്ന് പറഞ്ഞ തച്ചങ്കരി നിലവിലെ ഭീകരമായ നഷ്ടം കുറക്കാനാണ് ശ്രമിക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്.

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വായ്പ നിഷേധിക്കുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയ്‌ക്കെതിരെയും തച്ചങ്കരി രംഗത്ത് വന്നത് തൊഴിലാളികള്‍ക്കിടയിലും അദ്ദേഹത്തിന് സ്വീകാര്യത കൂട്ടാന്‍ കാരണമായിട്ടുണ്ട്.

ജീവനക്കാര്‍ക്ക് വായ്പ അനുവദിച്ചില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ട് എസ്.ബി.ഐയില്‍ നിന്നു മാറ്റാനായിരുന്നു തച്ചങ്കരിയുടെ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്.ബി.ഐയ്ക്ക് അദ്ദേഹം കത്തു നല്‍കിയിരുന്നു.

ശമ്പളം മാസങ്ങളായി വൈകിയതിനെ തുടര്‍ന്ന് ജീവനക്കാരുടെ വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു. ജീവനക്കാരുമായി തച്ചങ്കരി നടത്തിയ കൂടിക്കാഴ്ചകളില്‍ അവരില്‍ ഏറെയും ഉന്നയിച്ച പ്രശ്‌നങ്ങളില്‍ ഒന്നായിരുന്നു വായ്പ ലഭിക്കാനുള്ള പ്രയാസം. ഇതേതുടര്‍ന്നാണ് തച്ചങ്കരി എസ്.ബി.ഐയെ സമീപിച്ചത്. ക്രിസില്‍ റേറ്റിങില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സ്‌കോര്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് വായ്പയില്‍ എസ്.ബി.ഐ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

2000 കോടിയുടെ ഇടപാടാണ് പ്രതിവര്‍ഷം എസ്.ബി.ഐ വഴി കെ.എസ്.ആര്‍.ടി.സി നടത്തുന്നത്. ജീവനക്കാര്‍ക്ക് വായ്പ ലഭിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് കാനറ ബാങ്കിലേക്ക് മാറ്റുമെന്നാണ് തച്ചങ്കരി മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇത് ശരിക്കും ഏറ്റു. തച്ചങ്കരിക്ക് മുന്നില്‍ മുട്ടുമടക്കിയ എസ്ബിഐ അധികൃതര്‍ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുകയായിരുന്നു.

Top