കെ.എഫ്.സിയിലും തച്ചങ്കരി ‘മാജിക്ക്’ പറ്റിച്ച് മുങ്ങിയവരും കുരുക്കിലാകും

കേരള പൊലീസ് അവര്‍ രാജ്യത്തെ തന്നെ മികച്ച സേനയാണ്. ബുദ്ധിമാന്‍മാരും മിടുക്കരുമായ ഐ.പി.എസ് ഉദ്യോഗസ്ഥരാണ് സേനയുടെ കരുത്ത്. മാറി വരുന്ന കേന്ദ്ര സര്‍ക്കാറുകള്‍ പോലും ഉപയോഗപ്പെടുത്തുന്നതും കേരള കേഡറിലെ ഈ ഐ.പി.എസ് ബുദ്ധിയെയാണ്. യു.പി.എ സര്‍ക്കാറിന്റെ കാലത്തും എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്തും തന്ത്രപ്രധാനമായ തസ്തികകളിലേക്കാണ് ആര്‍.എന്‍ രവി എന്ന കേരള കേഡര്‍ ഐ.പി.എസുകാരന്‍ പരിഗണിക്കപ്പെട്ടിരുന്നത്. സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷവും ഈ പരിഗണന തുടര്‍ന്നു. ഇപ്പോള്‍ അദ്ദേഹം നാഗാലാന്റ് ഗവര്‍ണ്ണറാണ്. നാഗാ സംഘടനയായ എന്‍.എസ്.സി.എന്‍.- ഐ.എമ്മുമായി സര്‍ക്കാര്‍ കരാറുണ്ടാക്കുന്നതിന് മധ്യസ്ഥത വഹിച്ചതും ആര്‍.എന്‍ രവിയാണ്.

കണ്ണൂര്‍ എസ്.പിയായിരിക്കെ ആര്‍.എന്‍.രവിയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് പിണറായി വിജയന്‍ നേരിട്ട് തന്നെ വിളിച്ചതായി മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ വയലാര്‍ രവി പോലും ഒരഭിമുഖത്തില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. രവിയെ പോലെ കണ്ണൂരില്‍ നിന്നും പ്രവര്‍ത്തനം തുടങ്ങിയ ഐ.പി.എസ് ഓഫീസറാണ് അജിത് ദോവല്‍. അദ്ദേഹം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന അതീവ പ്രാധാന്യമുള്ള കാബിനറ്റ് റാങ്കുള്ള തസ്തികയിലാണ്. അതിര്‍ത്തി സംഘര്‍ഷത്തില്‍ ശത്രുവിന്റെ നീക്കങ്ങള്‍ തകര്‍ക്കുന്നതില്‍ ദോവല്‍ വഹിച്ച പങ്ക് വളരെ വലുതാണ്. പാകിസ്ഥാനിലെ മിന്നലാക്രമണവും പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള വ്യോമാക്രമണവുമെല്ലാം നടന്നത് ദോവല്‍ സുരക്ഷാ ഉപദേഷ്ടാവായിരുന്ന സമയത്താണ്.

ഇപ്പോള്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.പി.ജി ഡയറക്ടര്‍ അരുണ്‍കുമാര്‍ സിന്‍ഹയും കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ലോക്‌നാഥ് ബഹ്‌റ സംസ്ഥാന പൊലീസ് ചീഫ് പദവി ഒഴിയുന്നതോടെ പരിഗണിക്കപ്പെടുന്ന ലിസ്റ്റില്‍ ഇദ്ദേഹവും ഉള്‍പ്പെടുമെങ്കിലും ഡെപ്യൂട്ടേഷന്‍ റദ്ദാക്കി കേരളത്തിലേക്ക് മടങ്ങേണ്ടതില്ലന്ന നിലപാടിലാണ് സിന്‍ഹ. അദ്ദേഹത്തിന്റെ ബാച്ച് മേറ്റാണ് ഡി.ജി.പി ടോമിന്‍ തച്ചങ്കരി. ഇദ്ദേഹം പൊലീസ് മേധാവിയാകണമെന്ന് ആഗ്രഹിക്കുന്ന വലിയ ഒരു വിഭാഗം സേനക്ക് പുറത്തു പോലും നിലവിലുണ്ട്. കാക്കിക്ക് അപ്പുറമുള്ള സ്വീകാര്യതയാണിത്. കെ.എസ്.ആര്‍.ടി.സി എം.ഡിയായിരുന്ന കാലത്തെ തച്ചങ്കരിയുടെ പ്രവര്‍ത്തനം ഏറെ അഭിനന്ദിക്കപ്പെട്ടതാണ്. കാല്‍ നൂറ്റാണ്ടിനിടെ സ്വന്തം വരുമാനത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി ശമ്പളം കൊടുത്തതും ഈ കാലത്താണ്.

2018 ഏപ്രില്‍ 16ന് കെ.എസ്.ആര്‍.ടി.സി എം.ഡിയായി ചുമതലയേറ്റ തച്ചങ്കരി തുടക്കം മുതല്‍ സ്വീകരിച്ചു വന്ന നടപടികളില്‍ ജീവനക്കാരും യാത്രക്കാരും പൊതുജനങ്ങളും ഏറെ സംതൃപ്തരായിരുന്നെങ്കിലും ‘കുലം കുത്തികള്‍’ അതൃപ്തരായിരുന്നു. തച്ചങ്കരി കൊണ്ടുവന്ന പരിഷ്‌ക്കരണങ്ങള്‍ കെ.എസ്.ആര്‍.ടി.സി അടക്കി ഭരിച്ചുവന്ന യൂണിയനുകളുടെ കണ്ണിലെ കരടാക്കിയാണ് അദ്ദേഹത്തെ മാറ്റിയിരുന്നത്. ഒടുവില്‍ മനസ്സില്ലാ മനസ്സോടെയാണ് സര്‍ക്കാറും അദ്ദേഹത്തെ മാറ്റിയിരുന്നത്. ക്രൈംബ്രാഞ്ച് മേധാവിയായി തച്ചങ്കരി ചാര്‍ജെടുത്ത ശേഷമാണ് കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് തന്നെ ജീവന്‍ വച്ചിരുന്നത്. വ്യാജ പരാതി നല്‍കിയ കേസില്‍ സ്വപ്ന സുരേഷിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതും തച്ചങ്കരിയാണ്. അധികമാരും അറിയാത്ത യാഥാര്‍ത്ഥ്യമാണിത്.

പുതിയ ദൗത്യം അദ്ദേഹത്തെ മുഖ്യമന്ത്രി ഏല്‍പ്പിച്ചത് ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലാണ്. വിപ്ലവകരമായ മാറ്റങ്ങളാണ് ഇവിടെയും തച്ചങ്കരി നടപ്പാക്കി കൊണ്ടിരിക്കുന്നത്. പല പ്രമുഖ വ്യവസായികളുടെയും ഉറക്കം കെടുത്തുന്ന നടപടികളാണിത്. ഉന്നതരുള്‍പ്പെടെ വായ്പയെടുത്തു മുങ്ങിയതോടെ കെ.എഫ്.സിക്ക് തിരിച്ചുകിട്ടാനുള്ളത് 5,696 കോടി രൂപയാണ്. ഇതില്‍ 778 കോടി മുതലും, 4,918 കോടി പലിശയുമാണ്. കോര്‍പ്പറേഷന്റെ അര്‍ധവാര്‍ഷിക കണക്കെടുത്തപ്പോഴാണ് ഇക്കാര്യം വ്യക്തമായിരുന്നത്. ബാര്‍-റിസോര്‍ട്ടുടമകള്‍, വ്യവസായികള്‍, സിനിമാ നിര്‍മാതാക്കള്‍ എന്നിവരും ഇതിലുള്‍പ്പെടുന്നുണ്ട്. 19 സിനിമകള്‍ക്കു പണം നല്‍കിയതില്‍ പതിനേഴും തിരിച്ചടച്ചിട്ടില്ല. സൂപ്പര്‍ഹിറ്റായ സിനിമകളുടെ നിര്‍മാതാക്കള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്കെതിരെ, ശക്തമായ നടപടിയിലേക്കാണ് തച്ചങ്കരി ഇപ്പോള്‍ നീങ്ങിയിരിക്കുന്നത്.

കഷ്ടപ്പാടുകള്‍ മൂലം ലോണെടുത്ത പാവങ്ങള്‍ക്ക് പിന്നാലെ പോകാതെ വന്‍കിടക്കാരെ ലക്ഷ്യമിടാനാണ് കെ.എഫ്.സി ഉദ്യോഗസ്ഥരെയും തച്ചങ്കരി ഉപദേശിച്ചിരിക്കുന്നത്. തച്ചങ്കരിയുടെ നിര്‍ദ്ദേശപ്രകാരം പണം തിരിച്ചടക്കാത്തവരുടെ വിവരങ്ങള്‍ ‘സിബിലില്‍’ കയറ്റാന്‍ തുടങ്ങിയതോടെ വായ്പ തിരിച്ചടവില്‍ വന്‍ വര്‍ധനവാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്. നടപടികളെ ഏത് പിടിപാടുള്ളവനും ഭയക്കുന്നുണ്ടെന്ന് വ്യക്തം. ഏകദേശം 18,500 പേരുടെ വിവരങ്ങള്‍ ഇതുവരെ സിബിലില്‍ കെ.എഫ്.സി അപ്ലോഡ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇനി ഏകദേശം ആയിരം പേരുടെ വിവരങ്ങളാണ് അപ്ലോഡ് ചെയ്യാനുള്ളത്. ഇതാകട്ടെ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്‌സ് ഐഡി ഒന്നും തന്നെ ഫയലില്‍ ലഭ്യമല്ലാത്ത കേസുകളുമാണ്. ഇത്തരം കേസുകളില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കസ്റ്റമര്‍ വെരിഫിക്കേഷന്‍ ഏജന്റുകളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

വായ്പ എടുത്തിട്ട് തിരിച്ചടക്കാതിരിക്കുക, വായ്പകള്‍ പുനര്‍ക്രമീകരിക്കുക, ഒറ്റത്തവണ വഴി തീര്‍പ്പാക്കുക, എഴുതിത്തള്ളുക, തുടങ്ങിയ സാഹചര്യങ്ങളിലാണ് സിബില്‍ സ്‌കോര്‍ മോശമാകുന്നത്. സിബില്‍ മോശമായാല്‍ ഒരു ബാങ്കില്‍ നിന്നും ഇത്തരക്കാര്‍ക്ക് വായ്പകള്‍ കിട്ടുകയില്ല. സൂപ്പര്‍ കുരുക്കാണിത്. മുമ്പ് ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ വായ്പാ തിരിച്ചടച്ചവരും അവരുടെ സിബില്‍ സ്‌കോര്‍ മോശമാകുന്നതിനാല്‍ ഇപ്പോള്‍ കെ.എഫ്.സിയില്‍ പണം തിരിച്ചടയ്ക്കാന്‍ തയ്യാറായി വന്നിട്ടുണ്ട്. സിബില്‍ പരാതികള്‍ പരിശോധിക്കുന്നതിന് വേണ്ടി മാത്രമായി പ്രത്യേകം സംവിധാനവും കെഫ്സി ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. നടപടി ശക്തമാക്കിയതോടെ കെഫ്സിയുടെ ഈ വര്‍ഷത്തെ വായ്പതിരിച്ചടവ് ഇതുവരെ 1,241 കോടി രൂപ യായി ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 710 കോടി മാത്രമാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷം ഇതുവരെ 2,262 കോടി രൂപയാണ് വായ്പയായി അനുവദിച്ചിരിക്കുന്നത്. റെക്കോര്‍ഡ് തുകയാണിത്. കഴിഞ്ഞ വര്‍ഷം 395 കോടി അനുവദിച്ചിടത്താണ് ഈ വര്‍ദ്ധനവ് എന്നതും നാം മനസ്സിലാക്കണം. വായ്പവിതരണത്തിലും വന്‍ വര്‍ധനവാണ് തച്ചങ്കരി കാലത്ത് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 2,389 കോടി രൂപ വായ്പയായി വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 521 കോടിയായിരുന്നു നല്‍കിയിരുന്നത്.

ഒരു ലക്ഷം വരെ ഈട് ഇല്ലാതെ വായ്പ നല്‍കുന്ന സംരംഭക പദ്ധതിയില്‍ ഇതുവരെ 8000 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇതിന്റെ പരിശോധനകളും നടന്നു വരുകയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ വായ്പകള്‍ക്കും വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് കെ.എഫ്.സിയിലെ ജീവനക്കാരും സാക്ഷ്യപ്പെടുത്തുന്നത്. അതായത് എത്തേണ്ടവര്‍ എത്തിയാല്‍ അത് എവിടെയാണെങ്കിലും വിപ്ലവകരമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് വ്യക്തം.

Top