കര്‍ഷക സമരത്തിനിടെ പൊലീസ് നടപടിയില്‍ ഒരു കര്‍ഷകനും കൊല്ലപ്പെട്ടിട്ടില്ലെന്ന് നരേന്ദ്ര സിങ് തോമര്‍

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ പൊലീസ് നടപടിയില്‍ ഒരു കര്‍ഷകനും കൊല്ലപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ഇക്കാര്യം അറിയിച്ചത്. കര്‍ഷക സമരത്തിനിടെ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളാണെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ധീരരാജ് പ്രസാദ്, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് കൃഷിമന്ത്രിയുടെ മറുപടി. ”സമരത്തിനിടെ മരിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണോ വേണ്ടേ എന്നതൊക്കെ സംസ്ഥാന സര്‍ക്കാറുകളുടെ പരിഗണനയിലുള്ള വിഷയമാണ്. പ്രക്ഷോഭത്തിനിടെ പൊലീസ് നടപടിയില്‍ ഒരു കര്‍ഷകനും കൊല്ലപ്പെട്ടിട്ടില്ല”രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ തോമര്‍ വ്യക്തമാക്കി.

ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയ ശേഷമാണ് ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സമരം കര്‍ഷകര്‍ അവസാനിപ്പിച്ചത്. മിനിമം താങ്ങുവിലക്ക് നിയമപരമായ ഗ്യാരണ്ടി അടക്കം ആവശ്യങ്ങളില്‍ മിക്കതും അംഗീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ഡിസംബര്‍ 11ന് വിജയ് ദിവസ് ആയി ആഘോഷിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചിരുന്നു.

Top