ലോക്ക്ഡൗണ്‍ കഴിയുന്നത് വരെ കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിക്കില്ല

കൊല്ലം: ലോക്ക്ഡൗണ്‍ കഴിയുന്നത് വരെ കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കമ്പനി അധികൃതരുമായി ജില്ലാ ഭരണകൂടം നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ലോക്ക്ഡൗണിന് ശേഷം സര്‍ക്കാര്‍തല ചര്‍ച്ച നടത്തി തീരുമാനം എടുക്കും. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അനുസരിച്ച് ടോള്‍ പിരിച്ചാല്‍ മതിയെന്നും ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് ഓഫീസറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചു.

ലോക്ഡൗണ്‍ കാലയളവിനുള്ളില്‍ തദ്ദേശീയരായ ആളുകള്‍ക്കുള്ള പാസ് സംബന്ധിച്ച് ടോള്‍ കരാര്‍ കമ്പനി നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ തീരുമാനമായി. കൊല്ലം ബൈപ്പാസില്‍ ഇന്നലെ മുതല്‍ ടോള്‍ പിരിവ് നടത്താന്‍ സ്വകാര്യ കമ്പനി തീരുമാനിക്കുകയായിരുന്നു.

ജൂണ്‍ ഒന്നിന് ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിച്ചപ്പോള്‍ പ്രതിഷേധവുമായി സമരക്കാര്‍ രംഗത്തെത്തിയിരുന്നു. സമരക്കാര്‍ പിരിവ് തടഞ്ഞു. ടോള്‍ പിരിവിന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍ ജനുവരി ആദ്യം തന്നെ നടപടികള്‍ ആരംഭിച്ചിരുന്നു. ജനുവരി 16ന് ടോള്‍ പിരിവ് ആരംഭിക്കാന്‍ ശ്രമിച്ചെങ്കിലും പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് പിരിവ് നീട്ടിവയ്ക്കുകയായിരുന്നു.

Top