ടോൾ പ്ലാസകൾ ഉടൻ നിർത്തലാക്കണം, പണപ്പിരിവ് സ്വാതന്ത്ര്യത്തിനും വെല്ലുവിളി

രാജ്യത്തെ മിക്ക ടോൾ ബൂത്തുകളും ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണിപ്പോൾ ഈ പിരിവ് അവസാനിപ്പിച്ചാൽ മാത്രമേ ജനാധിപത്യ രാജ്യത്തെ സുഗമമായ യാത്ര പൂർണ്ണമാകുകയൊള്ളൂ. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറുകളും ജനതാൽപ്പര്യം മുൻ നിർത്തിയാണ് നിലപാട് സ്വീകരിക്കേണ്ടത്. പണം കൊടുത്ത് സ്വന്തം നാട്ടിൽ യാത്ര ചെയ്യേണ്ട ഒരവസ്ഥ കഷ്ടം തന്നെയാണ്.

രാജ്യത്തെ നല്ലൊരു ശതമാനം ടോൾ ബൂത്തുകളും ഇരട്ടിയിലധികം ലാഭമുണ്ടാക്കിയിട്ടും ഇപ്പോഴും പിരിവ് യഥേഷ്ടം തുടരുകയാണ്. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ട് ഇവിടങ്ങളിലെ പിരിവ് നിർത്തലാക്കിയില്ലങ്കിൽ ജനങ്ങൾ തന്നെ രംഗത്തിറങ്ങി ഈ കൊള്ള അവസാനിപ്പിക്കേണ്ട സാഹചര്യമാണ് ഉണ്ടാകുക. ഇക്കാര്യത്തിൽ നീതിന്യായ കോടതികളിൽ നിന്നും ജനപക്ഷ നിലപാടുകളാണ് സമൂഹവും പ്രതീക്ഷിക്കുന്നത്. ഇത്രയും കാര്യങ്ങൾ ഇപ്പോൾ പറയേണ്ടി വന്നത് കേരളത്തിലെ ഏറ്റവും വലിയ, പണപ്പിരിവ് കേന്ദ്രമായി ഇതിനകം തന്നെ മാറി കഴിഞ്ഞ തൃശൂർ പാലിയേക്കരയിലെ ടോൾ പിരിവ് കേന്ദ്രത്തിലെ കണക്കുകൾ ലഭ്യമായ സാഹചര്യത്തിലാണ്.

ഇരുന്നൂറ് കോടിയിലധികം ലാഭമുണ്ടാക്കിയിട്ടും ഇപ്പോഴും അവിടെ യാത്രക്കാരെ പിഴിയുകയാണ് ചെയ്യുന്നത്. ദേശീയ പാതയിൽ ആവശ്യമായ അറ്റകുറ്റപ്പണി പോലും നടത്താതെ പിരിവിൽ മാത്രമാണ് നടത്തിപ്പുകാരുടെ ശ്രദ്ധ. ഇത് ശരിക്കും ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

പാലിയേക്കരയില്‍ ടോള്‍ തുടങ്ങി പത്തു കൊല്ലം പിന്നിടുമ്പോള്‍ റോഡ് നിര്‍മാണത്തിന് ചിലവായ തുകയേക്കാള്‍ ടോള്‍ കമ്പനി ഇതിനോടകം പിരിച്ചെടുത്തു കഴിഞ്ഞു. 721.17 കോടി രൂപയാണ് മണ്ണൂത്തി-ഇടപ്പള്ളി നാല് വരിപ്പാത നിര്‍മാണത്തിന് ആകെ ചെലവായത്. എന്നാൽ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ 957.68 കോടി പിരിഞ്ഞു കിട്ടിയതായാണ് വിവരാവകാശ രേഖയില്‍ ദേശീയ പാതാ അതോറിറ്റി വ്യക്തമാക്കുന്നത്. അതായത് ചിലവായതിനേക്കാൾ ഏകദേശം ഇരുനൂറ് കോടിയിലേറെ തുക ടോൾ ഇനത്തിൽ പിരിച്ചെടുത്തുവെന്ന് വ്യക്തം.

ഏതൊരു പൗരനും സ്വതന്ത്രമായി സഞ്ചരിക്കാൻ അവകാശമുള്ള ഭാരതത്തിൽ ടോൾ പിരിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് തന്നെ ഒരു തരത്തിൽ അവകാശ ലംഘനമാണ്. അങ്ങനെയിരിക്കെ ചിലവായതിനെക്കാളും 200 കോടിയിലതികം പിടിച്ചെടുത്തിട്ടും ഇങ്ങനെ ഇപ്പോഴും ജനങ്ങളുടെ കഴുത്തറക്കുന്ന ഈ പിരിവ് നിർത്തലാക്കിയേ മതിയാവു.

പാലിയേക്കരയും വാളയാറും ഉള്‍പ്പടെ നാലിടത്താണ് സംസ്ഥാനത്ത് ടോള്‍ പിരിക്കുന്നത്. ദിനം പ്രതി പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതകളാണിവ. ഉപഭോക്താക്കളുടെ എണ്ണം ദിവസേന കൂടിക്കൊണ്ടിരിക്കുമ്പോൾ ഈ ടോൾ പിരിവുകൾ വമ്പൻ ലാഭമാണ് നടത്തിപ്പുകാർക്ക് നേടിക്കൊടുക്കുന്നത്. ടോള്‍ ബൂത്തുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണെന്ന ന്യായീകരണത്തിന്റെ പുറത്ത് ജനങ്ങളെ കൊള്ളയടിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.

പ്രതിദിനം ശരാശരി മുപ്പത് ലക്ഷം രൂപ പിരിച്ചിട്ടും റോഡ് അറ്റകുറ്റപ്പണിയില്‍ അലംഭാവം കാണിക്കുന്നത് തടയാന്‍ പോലും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ദേശിയ പാതയിലെ കുഴികൾ ഉണ്ടാക്കുന്ന അപകടങ്ങൾ ചില്ലറ ഒന്നുമല്ല . ജനങ്ങളുടെ കൈയിൽ നിന്ന് ഇത്രയധികം പൈസ പിരിച്ചെടുത്തിട്ടും ജനങ്ങളുടെ യാത്ര വീഥി ഇപ്പോഴും ശോകം തന്നെയാണ്.

ഈ അടുത്ത കാലത്താണ് ദേശിയ പാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ ഹാഷിം മരിച്ചത്. ആളെ കൊല്ലികളായ കുഴികളടക്കാൻ ഇടപെടൽ തേടി മരിച്ച ഹാഷിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും കഴിഞ്ഞ ദിവസം പാലിയേക്കര ടോൾ പ്ലാസ ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. പൊലീസ് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ച് പാലിയേക്കര മുതൽ ഇടപ്പള്ളി വരെയുളള കുഴികൾ പെട്ടന്ന് അടക്കാമെന്ന ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ഹോട്ടൽ ജീവനക്കാരനായ ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ഹാഷിമിന്റെ അപകട മരണത്തിനു വഴിയൊരുക്കിയ ദേശീയപാത കരാർ കമ്പനി ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെതിരെ പൊലീസ് കേസ് എടുത്തു. ഹാഷിമിന്റെ മരണത്തിൽ മനപൂർവമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റോഡ് അറ്റകുറ്റപണിയ്ക്കായി കമ്പനിയ്ക്ക് 18 വർഷത്തെ കരാറാണുള്ളത്. എന്നാൽ റോഡ് അറ്റകുറ്റ പണി നടത്തുന്നതിൽ കമ്പനി വീഴ്ച വരുത്തുകയാണുണ്ടായത്.

ഹാഷിമിന്റെ കേസിൽ അറ്റകുറ്റപ്പണി നടത്തേണ്ട കരാറുകാരെ പ്രതിചേർത്തെങ്കിലും തളിക്കുളത്ത് സമാനമായ രീതിയിൽ മരിച്ച സനുവിന്റെ മരണത്തിൽ ഇക്കാര്യത്തിലും വീഴ്ചയുണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. ജൂലൈ 19 നാണ് തളിക്കുളത്ത് ദേശീയപാതയിലെ കുഴിയിൽ അപകടത്തിൽപ്പെട്ട് സനു സി ജെയിംസ് എന്ന യുവാവ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യവേ റോഡിലെ കുഴിയിൽ വീണ സനുവിന്റെ തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും ആശുപത്രിയിൽ മരിക്കുകയുമായിരുന്നു. അറ്റകുറ്റപ്പണി നടത്താത്ത റോഡിലെ കുഴിയിൽ വീണാണ് മരണമുണ്ടായതെങ്കിലും ദേശീയപാതാ അധികൃതരെയോ കരാർ കമ്പനിയെയോ ഈ സംഭവത്തിൽ പ്രതിചേർത്തിട്ടില്ല . അപകടമുണ്ടായതിന് പിന്നാലെ റോഡിലെ കുഴിയടച്ചു. നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും മക്കളാണെങ്കിൽ ഇങ്ങനെയാകുമോ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുകയെന്നാണ് സനുവിന്റെ കുടുംബം ചോദിക്കുന്നത്.

കോടികൾ പിരിച്ചെടുത്തിട്ടും റോഡിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ പോലും കരാർ കമ്പനികൾ തയ്യാറാകുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്. ഇടപ്പള്ളി മണ്ണൂത്തി ദേശിയ പാത നിർമാണത്തിൽ ക്രമക്കേട് നടന്നതായി സി ബി ഐയും ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമാണം എന്നാണ് സി ബി ഐയുടെ കണ്ടെത്തൽ. കേന്ദ്രം അനുമതി നൽകാത്തതിനാൽ ദേശിയ പാത അതോറിറ്റി ഉദ്യോഗസ്ഥരെ പ്രതി ചേർത്തിട്ടില്ല.

ഇതിനിടെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പാലിയേക്കര പന്നിയങ്കര ടോള്‍ ബൂത്തുകളിൽ ഒന്ന്, നിര്‍ത്തലാക്കുന്ന കാര്യം പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. അറുപത് കിലോമീറ്ററിനുള്ളില്‍ ഒരു ടോള്‍പ്ലാസ മതിയെന്നതാണ് കേന്ദ്ര നയമെന്നും ഈ നയത്തിൻ്റെ അടിസ്ഥാനത്തിൽ പാലിയേക്കര പന്നിയങ്കര ടോൾ ബൂത്തുകളിൽ ഒന്നിൻ്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് പരിഗണിക്കാമെന്നുമാണ് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരിക്കുന്നത്. ഇത് കുറുപ്പിന്റെ ഉറപ്പാകുമോ എന്നത് കണ്ടു തന്നെ അറിയണം. കാരണം ടോൾ മാഫിയയുടെ സ്വാധീനം അധികാര കേന്ദ്രങ്ങളിൽ അത്രക്കും ശക്തമാണ്.

ടോള്‍ തുക അക്കൗണ്ടില്‍ നിന്ന് നേരിട്ട് പിടിക്കുന്ന ഫാസ് ടാഗ് സംവിധാനം സർക്കാർ നിർബന്ധമാക്കിയിരുന്നു. ഫാസ് ടാഗ് ഘടിപ്പിക്കാത്ത വാഹനങ്ങളിൽ നിന്നും ഇരട്ടി തുകയാണ് ടോളായി പിരിക്കുന്നത്. കോവിഡ് വരുത്തിവച്ച ദുരിതത്തിൽ നിന്നും കരകയറാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ജനങ്ങൾക്കുമേൽ അമിത ഭാരം ചുമത്തുന്ന നടപടിയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇത് ജന ജീവിതം കൂടുതൽ ദുസ്സഹമാകുകയേ ചെയ്യൂ.

നിലവിൽ ദേശീയപാതയിൽ കുറഞ്ഞ ദൂരം സഞ്ചരിച്ചാലും കൂടുതൽ ദൂരം സഞ്ചരിച്ചാലും ടോൾ നിരക്ക് ഒരേ പോലെയാണ്. ഒരു ടോൾ പ്ലാസയിൽ നിന്ന് അടുത്ത ടോൾ പ്ലാസ വരെയുള്ള ദൂരം കണക്കാക്കിയാണ് ടോൾ പിരിക്കുന്നത്. ഇത്ര ദൂരം സഞ്ചരിച്ചില്ലെങ്കിൽ കൂടി മുഴുവൻ ടോൾ നിരക്കും നൽകണം. ഇത് വിവേചനമാണെന്ന തരത്തിൽ ആക്ഷേപങ്ങൾ ഉയർന്നത്തോടെ ബദൽ സംവിധാനം ഉടൻ ഏർപ്പാടാകുമെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ . ദേശീയപാതയിലും ഹൈവേയിലും വാഹനം സഞ്ചരിക്കുന്ന ദൂരം കണക്കാക്കി ടോൾ പിരിവ് നിശ്ചയിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. ഒരു വർഷത്തിനുള്ളിൽ ടോൾ പ്ലാസ സംവിധാനം അവസാനിപ്പിക്കുമെന്നതാണ് അവകാശവാദം. യൂറോപ്പ്യൻ രാജ്യങ്ങളെ അനുകരിച്ച് ജിപിഎസ് അധിഷ്ഠിത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ടോൾ പിരിവ് നടത്താനാണ് കേന്ദ്ര ആലോചന. ഇതെല്ലാം നടപ്പാക്കിയാൽ നല്ലത്.

റിപ്പോർട്ട് : ചൈതന്യ രമേശ്

Top