കാവിയെ വിടാതെ യോഗി ആദിത്യനാഥ് ; ടോള്‍ പ്ലാസയ്ക്കും പുതിയ നിറം

മുസാഫര്‍നഗര്‍: യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്കു പിന്നാലെ മുസാഫര്‍നഗര്‍ – ഷഹറാന്‍പൂര്‍ ഹൈവേയിലെ ടോള്‍ പ്ലാസയ്ക്കും കാവി പൂശി. നേരത്തെ തന്റെ കസേര വിരിയുടെ നിറവും കാര്‍ സീറ്റിന്റെ കവറിന്റെ നിറവും കാവി നിറം നല്‍കിയിരുന്നു. സ്വന്തം സീറ്റില്‍ തുടങ്ങിയ നിറം മാറ്റം സര്‍ക്കാര്‍ ബുക്ക് ലെറ്റുകളിലേക്കും സ്‌കൂള്‍ ബാഗുകളിലേക്കും ബസുകളിലേക്കും വരെ വ്യാപിച്ചിരുന്നു.

കാവി നിറം പൂശിയ സര്‍ക്കാര്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ 50 ബസുകള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ഗ്രാമീണ മേഖലയില്‍ ഓടുന്ന ബസ്സിന് ‘സങ്കല്‍പ് സേവ’ എന്നും പേരിട്ടു. ചടങ്ങിന്റെ വേദി കാവി നിറത്തിലായിരുന്നു. ഫ്ലാഗ് ഓഫിന് ഒരുങ്ങിയ ബസും ബസുകളില്‍ അലങ്കരിച്ച ബലൂണുകളും കാവി നിറത്തിലായിരുന്നു. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഐഡികാര്‍ഡിന്റെ നീല സ്ട്രാപ്പു വരെ യോഗി ആദിത്യനാഥ് ഭരണത്തിലേറിയ ശേഷം കാവിയാക്കി മാറ്റി.

ഓഗസ്റ്റ് 29ന് സര്‍ക്കാര്‍, സ്പോര്‍ട്‌സ് താരങ്ങള്‍ക്ക് നല്‍കിയ അവാര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പോലും കാവി നിറമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മികച്ച സ്പോര്‍ട്സ് താരങ്ങള്‍ക്ക് നല്‍കുന്ന ലക്ഷ്മണ്‍, റാണി ലക്ഷ്മി ഭായ് അവാര്‍ഡ് സര്‍ട്ടിഫിക്കറ്റുകളുടെ പശ്ചാത്തലത്തിന് കാവി നിറമാണ് നല്‍കിയിരുന്നത്. അവാര്‍ഡ് ജേതാക്കളെ വിവരിച്ചു കൊണ്ടുള്ള ബുക്ക് ലെറ്റിനും കാവി നിറമായിരുന്നു.

സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കിയപ്പോഴും ആറുമാസം പൂര്‍ത്തീകരിച്ചപ്പോഴും പുറത്തിറക്കിയ ബുക്ക് ലെറ്റിനും കാവി നിറമായിരുന്നു. ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ മന്ത്രിമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറും വിലാസവും ഉള്‍ക്കൊള്ളിച്ച ഡയറിയ്ക്ക് നല്‍കിയ നിറവും കാവിയായിരുന്നു.

നേരത്തെ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ഡല്‍ഹിയില്‍ നടപ്പാത വക്കിലെ വരിക്കല്ലിന്റെ നിറം ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ മാറ്റിയിരുന്നു. മഞ്ഞയും കറുപ്പും നിറത്തിലുള്ള വരിക്കല്ലുകളില്‍ പച്ചയും പിങ്കും നിറം അടിക്കുകയായിരുന്നു. ഇത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Top