തലശ്ശേരി-മാഹി ബൈപ്പാസില്‍ ആദ്യ രണ്ട് ദിവസം ടോള്‍ പിരിച്ചത് 23,200-ലധികം വാഹനങ്ങളില്‍നിന്ന്

കണ്ണൂര്‍: തലശ്ശേരി-മാഹി ബൈപ്പാസില്‍ ആദ്യ രണ്ട് ദിവസം ടോള്‍ പിരിച്ചത് 23,200-ലധികം വാഹനങ്ങളില്‍നിന്ന്. ഉദ്ഘാടനദിവസമായ 11-ന് 13,200 വാഹനങ്ങളില്‍നിന്ന് ടോള്‍ പിരിച്ചപ്പോള്‍, 12-ന് 10,000-ത്തിലധികം വാഹനങ്ങളില്‍നിന്ന് മാത്രമാണ് ടോള്‍ പിരിച്ചത്.

എന്‍.എച്ച്.എ.ഐ.യുടെ നിര്‍ദേശമനുസരിച്ച് ആറുവരിപ്പാതയ്ക്ക് 24 ലൈന്‍ (12+12) ലൈനുകളാണ് വേണ്ടത്. ഇതില്‍ ഒന്ന് എമര്‍ജന്‍സി ലൈനായിരിക്കും. ഏറ്റവും ചുരുങ്ങിയത് ആറ് ടോള്‍ബൂത്തെങ്കിലും ബൈപ്പാസില്‍ ആവശ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.ആറുവരിയുള്ള ബൈപ്പാസില്‍ നിലവിലുള്ളത് നാല് ടോള്‍ബൂത്തുകള്‍ മാത്രം. താത്കാലിക സംവിധാനമായതിനാലാകാം ഇത്. എമര്‍ജന്‍സി ലൈനിനുള്ള സൗകര്യം ഇവിടെയില്ലാത്തതിനാല്‍ ആംബുലന്‍സുകള്‍ വരുമ്പോള്‍ മുന്നിലുള്ള വഹനങ്ങള്‍ കടത്തിവിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുന്നു.

മാഹിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ബൈപ്പാസ് തിരഞ്ഞെടുത്തവര്‍ക്ക് ഉദ്ഘാടനദിവസം ടോള്‍ പ്ലാസയിലെ തിരക്കുകാരണം ഗതാഗതതടസ്സവും സമയനഷ്ടവും ഉണ്ടായി. ഇതായിരിക്കാം രണ്ടാം ദിവസം ബൈപ്പാസില്‍ യാത്രക്കാര്‍ കുറയാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. നാലുചക്രവാഹനങ്ങളാണ് മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് കൂടുതലും ബൈപ്പാസിലെത്തുന്നത്.ദിനംപ്രതി ഏകദേശം 25-ലധികം ആംബുലന്‍സുകള്‍ ബൈപ്പാസിലൂടെ കടന്നുപോകുന്നുണ്ടെന്ന്് ഓപ്പറേഷന്‍സ് മാനേജര്‍ സുനീഷ് സുരേന്ദ്രന്‍ പറഞ്ഞു.ഒരു ആംബുലന്‍സ് കടത്തിവിടുന്നതിന് 20-25 വാഹനങ്ങളെ വരെ ടോള്‍ ഈടാക്കാതെ കടത്തിവിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സ്ഥിതി തുടര്‍ന്നാല്‍ ദിവസവും ചുരുങ്ങിയത് 625 വാഹനങ്ങളെ ടോള്‍ ഇല്ലാതെ കടത്തിവിടേണ്ടിവരും.

Top