ടോക്യോ പാരാലിമ്പിക്സ്; ഹൈജമ്പില്‍ പ്രവീണ്‍ കുമാറിന് വെള്ളി

ടോക്യോ: പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു വെള്ളി മെഡല്‍ കൂടി. പുരുഷന്മാരുടെ ടി 64 ഹൈജമ്പ് മത്സരത്തില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാര്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. ഏഷ്യന്‍ റെക്കോഡോടെയാണ് താരം വെള്ളി നേടിയത്. 2.07 മീറ്റര്‍ ചാടിയാണ് പ്രവീണ്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ഈ പ്രകടനത്തോടെ ഏഷ്യന്‍ റെക്കോഡും താരം സ്വന്തമാക്കി.

ആദ്യ ശ്രമത്തില്‍ 1.83 മീറ്റര്‍ കണ്ടെത്തിയ താരം രണ്ടാം ശ്രമത്തില്‍ അത് 1.97 മീറ്ററാക്കി ഉയര്‍ത്തി. പിന്നാലെ 2.01 മീറ്ററും 2.07 മീറ്ററും ചാടിക്കടന്ന് പ്രവീണ്‍ ഇന്ത്യയുടെ അഭിമാനമായി മാറി. ഈ ഇനത്തില്‍ ബ്രിട്ടന്റെ ജൊനാതന്‍ ബ്രൂം എഡ്വാര്‍ഡ്‌സ് സ്വര്‍ണം നേടി. പോളണ്ടിന്റെ ലെപ്പിയാറ്റോയ്ക്കാണ് വെങ്കലം.

12-ാമത് ഫാസ അന്താരാഷ്ട്ര ലോക പാര അത്‌ലറ്റിക്‌സ് ഗ്രാന്‍ഡ് പ്രിക്‌സില്‍ പ്രവീണ്‍ 2.05 മീറ്റര്‍ ചാടി സ്വര്‍ണം നേടിയിരുന്നു. ഈ നേട്ടത്തോടെ ഇന്ത്യയുടെ പാരാലിമ്പിക്‌സിലെ മെഡല്‍ നേട്ടം 11 ആയി ഉയര്‍ന്നു. രണ്ട് സ്വര്‍ണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. നിലവില്‍ 36-ാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയുടെ പാരാലിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്.

 

Top