ടോക്യോ ഒളിമ്പിക്സ്; ടെന്നിസ് സിംഗിള്‍സില്‍ നവോമി ഒസാക്കയ്ക്ക് വിജയം

ടോക്യോ: ഒളിമ്പിക്സില്‍ ടെന്നിസ് സിംഗിള്‍സില്‍ ജപ്പാന്‍ താരം നവോമി ഒസാക്കയ്ക്ക് വിജയം.
ചൈനീസ് താരത്തെയാണ് നവോമി ഒസാക്ക തോല്‍പ്പിച്ചത്. 6-1, 6-4 എന്നിങ്ങനെയാണ് സ്‌കോര്‍ നില. ടോക്യോ ഒളിമ്പിക്സ് ഉദ്ഘാടന തചടങ്ങില്‍ ദീപശിഖ കത്തിച്ച താരത്തിന്റെ ഒളിമ്പിക്സിലെ ആദ്യ മത്സരമായിരുന്നു ഇന്ന്. ഫ്രഞ്ച് ഓപ്പണിന് ശേഷം കളിക്കളത്തില്‍ നിന്ന് വിട്ട് നിന്ന താരം ഒളിമ്പിക്സില്‍ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ സെറ്റില്‍ 6-1 നേടിയ ഒസാക്ക ചൈനീസ് താരം സായ്സെ സെംഗിനെ തുടര്‍ച്ചയായ സെറ്റുകളില്‍ പരാജയപ്പെടുത്തി.

അതേസമയം, ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ഇന്ന് അത്ര നല്ല ദിനമായിരുന്നില്ല. ടെന്നിസിലും ഷൂട്ടിംഗിലും ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി. ടെന്നിസില്‍ സാനിയ-അങ്കിത സഖ്യം യുക്രെയ്ന്‍ സഖ്യത്തോട് തോറ്റു. ആദ്യ സെറ്റില്‍ വ്യക്തമായ ആദിപത്യം പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ സഖ്യം, രണ്ടാം സെറ്റിലും മുന്നേറിയിരുന്നു. എന്നാല്‍ പിന്നീട് അടിപതറി. 6-0, 5-3, 6-7, 8-10 എന്നിങ്ങനെയാണ് സ്‌കോര്‍ നില.

ഷൂട്ടിംഗില്‍ പുരുഷന്മാരുട പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ ഫൈനല്‍ കാണാതെ ഇന്ത്യന്‍ സംഘം പുറത്തായി. ദീപക് കുമാറിന് 26-ാം സ്ഥാനവും ദിവ്യാന്‍ഷിന് 31-ാം സ്ഥാനവുമാണ്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ താരങ്ങളും ഫൈനല്‍ കാണാതെ പുറത്തായിരുന്നു. മനു ബക്കറിനും, യശ്വസിനി സിംഗിനും ഫൈനല്‍ യോഗ്യത നേടാനായില്ല. മനു ബക്കര്‍ 12-3ം സ്ഥാനത്തും യശ്വസിനി സിംഗ് 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

അതിനിടെ ബാഡ്മിന്റണില്‍ പി.വി സിന്ധു വിജയിച്ചു. ആദ്യ റൗണ്ടില്‍ ഇസ്രായേലിന്റെ പോളികാര്‍പ്പോവയെയാണ് തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് കേവലം 13 മിനിറ്റിലാണ് പിവി സിന്ധു ഇസ്രായേലിനെ തോല്‍പ്പിച്ചത്. ആദ്യ സെറ്റില്‍ 21-7 രണ്ടാം സെറ്റില്‍ 21-10 എന്നിങ്ങനെയാണ് സ്‌കോര്‍ നില. ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവാണ് നിലവില്‍ പിവി സിന്ധു.

ഇന്ത്യ വലിയ രീതിയില്‍ പ്രതീക്ഷയര്‍പ്പിച്ച ഇനമായിരുന്നു ഷൂട്ടിംഗ്. അതേസമയം, റോവിംഗില്‍ ഇന്ത്യ സെമിയില്‍ എത്തി. പുരുഷ വിഭാഗം ലൈറ്റ് വെയ്റ്റ് ഡബിള്‍സില്‍ ഇന്ത്യ സെമിയില്‍ എത്തി. അര്‍ജുന്‍-അരവിന്ദ് സഖ്യമാണ് സെമിയില്‍ കടന്നത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ സഖ്യം ഫിനിഷ് ചെയ്തത്.

ഹോക്കിയില്‍ ഇന്ത്യ ഇന്ന് ശക്തരായ ഓസ്ട്രേലിയയെ നേരിടും. ഇന്നലെ ഹോക്കിയില്‍ കരുത്തുറ്റ ന്യുസീലാന്‍ഡ് സംഖത്തെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍ പ്രീത് സിംഗ് രണ്ട് ഗോള്‍ നേടി. രുബീന്ദ്ര പാല്‍ സിംഗ് ഒരു ഗോള്‍ നേടി. മത്സരത്തിന്റെ ആദ്യം ന്യുസീലാന്‍ഡ് ഗോള്‍ നേടിയിരുന്നെങ്കിലും ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ തിരിച്ചടിച്ചു. പിന്നീട് ഇന്ത്യയുടെ ആദിപത്യമായിരുന്നു. കൊച്ചി സ്വദേശിയായ പി.ആര്‍ ശ്രീജേഷിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ടോക്യോ ഒളിമ്പിക്സില്‍ ഇന്ന് നടക്കുക 18 ഫൈനലുകളാണ്.

 

Top