ടോക്യോ ഒളിംപിക്സ്; പുരുഷ ഫുട്‌ബോള്‍ സെമി ഇന്ന്

ടോക്യോ: ഒളിംപിക്സ് പുരുഷ ഫുട്‌ബോളിലെ ഫൈനലിസ്റ്റുകളെ ഇന്നറിയാം. സെമിയില്‍ ബ്രസീല്‍ മെക്സിക്കോയേയും സ്പെയ്ന്‍ ആതിഥേയരായ ജപ്പാനെയും നേരിടും. മെക്സിക്കോ-ബ്രസീല്‍ മത്സരം ഉച്ചയ്ക്ക് ഒന്നരയ്ക്കും ജപ്പാന്‍-സ്പെയ്ന്‍ മത്സരം വൈകിട്ട് നാലരയ്ക്കും നടക്കും. നിലവിലെ ഒളിംപിക്സ് ജേതാക്കളെന്ന പട്ടം നിലനിര്‍ത്തുന്നതിനപ്പുറം കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വി മറക്കാന്‍ ബ്രസീലിന് സ്വര്‍ണമെഡല്‍ അനിവാര്യമാണ്. അതിലേക്ക് ഇനി രണ്ട് ജയങ്ങളുടെ ദൂരം മാത്രം.

ഗോളടിച്ചുകൂട്ടുന്ന റിച്ചാര്‍ലിസണും ഗോള്‍മുനയൊടിക്കുന്ന ക്യാപ്റ്റന്‍ ഡാനി ആല്‍വസുമാണ് കാനറികളുടെ കരുത്ത്. ഗ്രൂപ്പില്‍ ലോക ചാമ്പ്യന്മാരെയും ക്വാര്‍ട്ടറില്‍ തെക്കന്‍ കൊറിയയേയും അട്ടിമറിച്ചാണ് മെക്സിക്കോയുടെ വരവ്. മെക്സിക്കോയുടെത് ചുമ്മാ അട്ടിമറി ആയിരുന്നില്ല. ഫ്രാന്‍സിനെ 4-1നും തെക്കന്‍ കൊറിയയെ 6-3നുമാണ് മെക്സികോ കീഴടക്കിയത്. അതുകൊണ്ടുതന്നെ സെമിയില്‍ വമ്പന്‍ പോര് പ്രതീക്ഷിക്കാം.

മുന്‍ ലോക ചാമ്പ്യന്മാരായ സ്പെയ്ന്റെ എതിരാളികള്‍ അട്ടിമറികളിലൂടെ എത്തിയ ജപ്പാനാണ്. ലോക ഫുട്‌ബോളില്‍ ഇതിനോടകം പേരെടുത്ത പെഡ്രി, അസന്‍സിയോ, ഒയാര്‍സബാള്‍ തുടങ്ങിയവരാണ് സ്പെയ്ന്റെ കരുത്ത്.

ജപ്പാനും മോശമല്ല, ജപ്പാനീസ് മെസിയെന്നറിയപ്പെടുന്ന താക്കെ കൂബോയാണ് ആതിഥേയരുടെ വജ്രായുധം. ഫ്രാന്‍സിനും ന്യൂസിലന്‍ഡിനുമെതിരായ അട്ടിമറികള്‍ സെമിയിലും തുടരാമെന്നാണ് ജപ്പാന്റെ പ്രതീക്ഷ. അതിനാല്‍ രണ്ടാം സെമിയും ആരാധകര്‍ക്ക് ആവേശം നല്‍കും.

 

Top