ടോക്യോ ഒളിംപിക്സ്; മേരി കോം ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും

ടോക്യോ: ഒളിംപിക്സ് ബോക്സിംഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങുന്ന പോരാട്ടത്തില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക് താരം മിഗ്വേലിന ഹെര്‍ണാണ്ടസാണ് മേരി കോമിന്റെ എതിരാളി.

ഒളിംപിക്സില്‍ ഇന്ത്യയുടെ വലിയ മെഡല്‍ പ്രതീക്ഷകളില്‍ ഒരാളാണ് മേരി കോം. മൂന്ന് മക്കളുടെ അമ്മയായ മേരി കോം വനിതാ ബോക്സിംഗില്‍ അനവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ലണ്ടന്‍ ഒളിംപിക്സില്‍ വെങ്കലം നേടി. ആറ് തവണ ലോക ജേതാവായ മേരി ഇന്ത്യയിലെ ഏതൊരു കായികതാരത്തിനും റോള്‍മോഡലാണ്. തന്റെ വിടവാങ്ങല്‍ പോരാട്ടവേദിയില്‍ സ്വര്‍ണത്തിളക്കത്തിനായി ഇറങ്ങുമ്പോള്‍ രാജ്യം മുഴുവന്‍ മേരി കോമിന് ഒപ്പമുണ്ട്.

അതേസമയം ഒളിംപിക്സ് ഷൂട്ടിംഗില്‍ ഇന്നും ഇന്ത്യക്ക് നിരാശയോടെയായി തുടക്കം. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വനിതകള്‍ ഫൈനലിലെത്താതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ മനു ഭാക്കര്‍ 12-ാം സ്ഥാനത്തും യശസ്വിനി ദേശ്വാള്‍ 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. തോക്കിലെ തകരാറാണ് മനുവിന് തിരിച്ചടിയായത്.

അതേസമയം ബാഡ്മിന്റണില്‍ പി വി സിന്ധു ജയത്തുടക്കം നേടി. ഇസ്രയേല്‍ താരം പൊളിക്കാര്‍പ്പോവയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 21-7, 21-10. പുരുഷന്‍മാരുടെ തുഴച്ചിലില്‍ അരവിന്ദ് സിംഗ്, അര്‍ജുന്‍ ലാല്‍ സഖ്യം സെമിയിലെത്തി.

 

Top