ടോക്യോ ഒളിമ്പിക്‌സ്; വേഗരാജാവായി ലാമന്റ് ജേക്കബ്‌സ്

ടോക്യോ: ടോക്യോ ഒളിമ്പിക്‌സിലെ വേഗരാജാവിന്റെ പട്ടം ചൂടി ലാമന്റ് മാഴ്‌സല്‍ ജേക്കബ്‌സ്. പുരുഷ വിഭാഗം 100 മീറ്ററില്‍ 9.80 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് ഇറ്റാലിയന്‍ താരം സ്വര്‍ണം നേടിയത്. അമേരിക്കയുടെ ഫ്രെഡ് കെര്‍ലി (9.84), കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ് (9.89) എന്നിവരാണ് യഥാക്രമം വെള്ളിയും വെങ്കലം നേടിയത്.

അകാലി സിംബിനെ (9.93 ദക്ഷിണാഫ്രിക്ക), റോണി ബേകര്‍ ( 9.95 -അമേരിക്ക), സു ബിങ്‌ടൈന്‍ (9.98 -ചൈന) എനോച്ച് അഡെഗോകെ (നൈജീരിയ), ഹാര്‍നല്‍ ഹ്യൂഗ്‌സ് (ബ്രിട്ടണ്‍) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

നേരത്തെ, 89 വര്‍ഷത്തിനു ശേഷം ഒളിമ്പിക്‌സ് 100 മീറ്റര്‍ ഫൈനല്‍സില്‍ പ്രവേശിക്കുന്ന ആദ്യ ഏഷ്യന്‍ താരമെന്ന റെക്കോര്‍ഡ് ചൈനയുടെ സു ബിങ്‌ടൈന്‍ സ്വന്തമാക്കിയിരുന്നു. സെമിഫൈനലില്‍ 9.83 സമയം കുറിച്ച് ഒന്നാമതാണ് താരം ഫിനിഷ് ചെയ്തത്. അതേ സെമിയില്‍ 9.84 സെക്കന്‍ഡില്‍ മൂന്നാമതായിരുന്നു ലമോണ്ട് ജേക്കബ്‌സ്. ഫൈനല്‍സില്‍ 9.98 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബിങ്‌ടെന്‍ ആറാം സ്ഥാനത്താണ് ഓട്ടം അവസാനിപ്പിച്ചത്.

നേരത്തെ വനിതകളില്‍ ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ സ്വര്‍ണം നേടിയിയിരുന്നു. ഫൈനലില്‍ 10.61 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഒളിംപിക് റെക്കോര്‍ഡോടെയാണ് എലെയ്‌നിന്റെ സ്വര്‍ണം നേട്ടം.

Top