ടോക്യോ ഒളിംപിക്സ്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജപ്പാന്‍

ടോക്യോ: കൊവിഡ് സാഹചര്യത്തില്‍ ഒളിംപിക്സ് വേദിയായ ടോക്യോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഒളിംപിക്സിനിടെ സ്റ്റേഡിയത്തിലും നഗരത്തിലും കാണികളെ പൂര്‍ണമായും ഒഴിവാക്കാനാണ് തീരുമാനം.

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന തുടരുകയും ഒളിംപിക്സ് നടത്തിപ്പിനെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. യോഗ്യത നേടിയ താരങ്ങളും പരിശീലകരും ഒഫീഷ്യല്‍സുമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 15000ലധികം ആളുകളാണ് ടോക്യോയിലെത്തുന്നത്. ഇവര്‍ക്ക് പുറമേ കാണികള്‍ കൂടി നഗരത്തില്‍ വന്നാല്‍ പ്രതിസന്ധി രൂക്ഷമാകും. ഇത് തടയാന്‍ ആഗസ്റ്റ് 22 വരെ വൈറസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തമാക്കുകയാണ്.

അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം പൂര്‍ത്തിയാക്കാനാണ് നീക്കമെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശ കാണികളെ നേരത്തെ വിലക്കിയിരുന്നെങ്കിലും ആഭ്യന്തര കാണികളില്‍ 10000 പേരെയോ സ്റ്റേഡിയത്തിന്റെ പകുതിയോ പങ്കെടുപ്പിക്കാന്‍ നേരത്തെ സംഘാടകര്‍ ആലോചിച്ചിരുന്നു. ഇത് പൂര്‍ണമായും ഒഴിവാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സേഫ് ഒളിംപിക്സ് എന്ന നയം നടപ്പാക്കുമെന്നും എല്ലാ മുന്‍കരുതലും ഉറപ്പാക്കുമെന്നും ടോക്യോ ഗവര്‍ണറും വ്യക്തമാക്കി.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചമാണെങ്കിലും മറ്റൊരു തരംഗം കൂടി ജപ്പാനില്‍ ആരോഗ്യ വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. ഇതുവരെ 15% ആളുകള്‍ മാത്രമാണ് രണ്ട് ഡോസ് വാക്സീനും ജപ്പാനില്‍ സ്വീകരിച്ചത്. ജപ്പാനില്‍ 14800 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ജൂലൈ 23നാണ് ടോക്യോയില്‍ ഒളിംപിക്സ് ആരംഭിക്കുന്നത്.

 

 

Top